ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവും അന്നത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇടപെടലുകളും സംബന്ധിച്ച ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ കൂടുതല്‍ സര്‍വകലാശാലകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍.
ഡല്‍ഹി സര്‍വകലാശാല, അംബേദ്കര്‍ സര്‍വകലാശാല, കൊല്‍ക്കത്തയിലെ പ്രസിഡന്‍സി സര്‍വകലാശാല എന്നിവിടങ്ങളിലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്. എസ്എഫ്ഐ, എന്‍ എസ് യു ഐ തുടങ്ങിയ സംഘടനകാളാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ കഴിഞ്ഞ ഏതാനം ദിവസങ്ങളായി പ്രതിഷേധം തുടരുകയാണ്. ഇന്നലെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ സര്‍വകലാശാല അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല.
ജാമിയയില്‍ ഇന്നലെ കന്ന പൊലീസ് സന്നാഹമായിരുന്നു ഉണ്ടായിരുന്നത്. പന്ത്രണ്ടോളം വിദ്യാര്‍ഥികളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സര്‍വകലാശാല അധികൃതരുടെ നിര്‍ദേശപ്രകാരമായിരുന്നു പൊലീസ് എത്തിയതും നടപടികള്‍ സ്വീകരിച്ചതും.
സര്‍വകലാശാലയ്ക്ക് അകത്തേക്കുള്ള എല്ലാ കവാടങ്ങള്‍ക്ക് മുന്നിലും പൊലീസ് സന്നാഹമുണ്ടായിരുന്നു. ഡോക്യുമെന്ററി കാണാന്‍ താല്‍പ്പര്യപ്പെടാത്ത വിദ്യാര്‍ഥികളെ പോലും സര്‍വകലാശാലയ്ക്ക് അകത്തേയ്ക്ക് പ്രവേശിപ്പിച്ചില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ (ജെഎന്‍യു) ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ടും പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രദര്‍ശനത്തിന് അരമണിക്കൂര്‍ മുന്‍പ് സര്‍വകലാശാലയില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണിലും ലാപ് ടോപിലുമാണ് ഡോക്യുമെന്ററി കണ്ടത്.
ഇന്ന് കെപിസിസി ആസ്ഥാനത്തും ഡോക്യുമെന്ററി പ്രദര്‍ശനം ഉണ്ടായിരിക്കും. വൈകിട്ട് അഞ്ച് മണിക്കാണ് പ്രദര്‍ശനം ആരംഭിക്കുക.