ഭുവനേശ്വർ: പുല്‍വാമയിൽ 40 സിആർപിഎഫ് ജവാന്മാർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിന് തിരിച്ചടി നൽകി മണിക്കൂറുകൾക്കകം ഇന്ത്യ പുതിയ മിസൈലും പരീക്ഷിച്ചു. ഒഡീഷ തീരത്താണ് പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡിആർഡിഎ വികസിപ്പിച്ച രണ്ട് ദ്രുത പ്രതികരണ മിസൈലുകൾ പരീക്ഷിച്ചത്. കരയിൽ നിന്നും ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽ കരസേനയ്ക്ക് വേണ്ടിയാണ് ഡിആർഡിഒ നിർമ്മിച്ചത്.

റഡാറുകളാല്‍ പിടിച്ചെടുക്കാന്‍ സാധിക്കാത്ത മിസൈല്‍ കൂടിയാണിത്. ട്രക്കുകളില്‍ നിന്ന് വരെ ഇത് പ്രയോഗിക്കാനാവും. പ്രത്യാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയുടെ പരീക്ഷണം എന്നതും ശ്രദ്ധേയമാണ്. 25 മുതല്‍ 30 കിലോമീറ്റര്‍ വരെയാണ് മിസൈലിന്റെ ദൂരപരിധി. ക്വിക്ക് റിയാക്ഷന്‍ സര്‍ഫേസ് ടു എയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ് ഈ മിസൈലുകള്‍.

പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യൻ വ്യോമസേന ഇന്ന് തിരിച്ചടി നൽകിയിരുന്നു. ബാലാകോട്ടിലെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ക്യാംപുകളാണ് ഇന്ത്യൻ സേന തകർത്തത്. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ബാലാക്കോട്ടിലെ ഏറ്റവും വലിയ പരിശീലന ക്യാംപ് തകർത്തതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ മൗലാന യൂസഫ് അസ്ഹറാണ് ക്യാംപിന് നേതൃത്വം നൽകിയിരുന്നത്. ഈ ഓപ്പറേഷനിൽ നിരവധി ജെയ്ഷെ മുഹമ്മദ് ഭീകരരും അവരുടെ മുതിർന്ന കമാൻഡറും കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook