ന്യൂഡൽഹി: ഇറാൻ​- അമേരിക്ക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ, ഇറാഖ്, ഗൾഫ് രാജ്യങ്ങളുടെ വ്യോമാതിർത്തി ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് ഇന്ത്യയുടെ നിർദേശം.

ഇറാഖിലെ അമേരിക്കന്‍ സൈനികത്താവളങ്ങളിലെ ആക്രമണത്തെത്തുടർന്ന് മേഖലയിൽ നിലനിൽക്കുന്ന സംഘർഷ​ സാധ്യതകൾ കണക്കിലെടുത്താണ് വ്യോമാതിർത്തി ഒഴിവാക്കാൻ വിമാനക്കമ്പനികളോട് ഡയരക്ടറേറ്റ് ജനറൽ ഓഫ്  സിവിൽ ഏവിയേഷൻസ് (ഡിജിസിഎ) ആവശ്യപ്പെട്ടിരിക്കുന്നത്.

ലോകത്തിന്റെ പ്രമുഖ എയര്‍ലൈന്‍സുകളെല്ലാം ഇറാഖ്, ഇറാന്‍ രാജ്യങ്ങളുടെ വ്യോമമേഖല ഒഴിവാക്കി സര്‍വീസ് പുനഃക്രമീകരിച്ചു. അമേരിക്കന്‍ വിമാനങ്ങളെ മേഖലയില്‍നിന്നു ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേന്‍ വിലക്കിയ സാഹചര്യത്തിലാണിത്. യൂറോപ്പിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ഇറാന്റെ വ്യോമപാത ഒഴിവാക്കുന്നതായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു. ഇറാഖിലെ ബഗ്ദാദിലേക്കുള്ള സര്‍വീസുകള്‍ യുഎഇ എയര്‍ലൈനായ ഫ്‌ളൈ ദുബായ് റദ്ദാക്കി.

അത്യാവശ്യമല്ലെങ്കില്‍ ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ഇന്ത്യക്കാരോട് വിദേശകാര്യ മന്ത്രാലയം അഭ്യര്‍ഥിച്ചു. ഇറാഖിലുള്ള ഇന്ത്യക്കാര്‍ ആ രാജ്യത്തിനകത്തുള്ള ഒഴിവാക്കണം. ഇറാഖിലുള്ള ഇന്ത്യക്കാര്‍ക്കു സേവനം ലഭ്യമാക്കാനായി ബഗ്ദാദിലെ എംബസിയും ഇര്‍ബിലിലെ കോണ്‍സുലേറ്റും സാധാരണപോലെ പ്രവര്‍ത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാഖ് സന്ദര്‍ശിക്കുമ്പോള്‍ ജാഗ്രത പാലിക്കാന്‍ പാക്കിസ്ഥാനും സ്വന്തം പൗരന്മാര്‍ക്കു മുന്നറിയിപ്പ് നല്‍കി.

ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലെയും സൈനികത്താവളങ്ങള്‍ക്കു നേരെയാണ് ഇറാന്‍ മിസൈലാക്രണം നടത്തിയത്. ഒരു ഡസനിലധികം ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ പ്രയോഗിച്ചതായി യുഎസ് സൈന്യം അറിയിച്ചു.

ആക്രണമണത്തില്‍ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായെന്ന കാര്യം ഞങ്ങൾ പരിശോധിച്ചു വരികയാണെന്നു പെന്റഗൺ വക്താവ് ജോനാഥൻ ഹോഫ്മാൻ പ്രസ്താവനയിൽ പറഞ്ഞു.

അമേരിക്കന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് പെന്‍റഗണ്‍ വക്താവ് ജോനാഥന്‍ ഹൊഫ്‍മാനാണ് ഇറാഖില്‍ അമേരിക്കന്‍ സൈനികരെ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തിയ വിവരം പുറത്തുവിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook