ന്യൂഡല്‍ഹി: ലോകത്തിന് കെട്ടകാലം സമ്മാനിച്ച കോവിഡ് വൈറസിന്റെ ഉത്ഭവം കണ്ടുപിടിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) രണ്ടാം ഘട്ട പഠനത്തിന് പിന്തുണയുമായി ഇന്ത്യ. അമേരിക്ക ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യയും നിലപാട് അറിയിച്ചത്.
“ലോകാരോഗ്യ സംഘടനയുടെ ആഗോള പഠനം കോവിഡിന്റെ ഉത്ഭവം കണ്ടുപിടിക്കുന്നതില്‍ പ്രധാന പടിയാണ്. അടുത്ത ഘട്ട പഠനം കൂടതല്‍ വിവരങ്ങളിലേക്കും നിഗമനത്തിലേക്കും എത്താന്‍ ആവശ്യമാണ്,” വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഡബ്ല്യുഎച്ച്ഒയുടെ പുതിയ നീക്കത്തിന് എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
2021 ജനുവരിയില്‍ ഡബ്ല്യുഎച്ച്ഒ രാജ്യാന്തര ഗവേഷകരുടെ സംഘത്തെ ചൈനയിലെ വുഹാനിലേക്ക് അയച്ചിരുന്നു. നാലാഴ്ചയോളം നഗരത്തില്‍ ചൈനീസ് ഗവേഷകര്‍ക്കൊപ്പം സംഘം പഠനം നടത്തി. വവ്വാലില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകര്‍ന്നതാകാം എന്നായിരുന്നു ഗവേഷകര്‍ തയാറാക്കിയ റിപ്പോര്‍ട്ട്. ലാബോറട്ടറിയില്‍ നിന്ന് വൈറസ് ബാധയുണ്ടാകാനുള്ള സാധ്യതകളും തള്ളിക്കളഞ്ഞിരുന്നു.
Also Read: ഫൈസര്‍ വാക്സിന് ജൂലൈയോടെ ലഭ്യമായേക്കും: കേന്ദ്ര സര്‍ക്കാര്‍
എന്നാല്‍ വീണ്ടും കൊലയാളി വൈറസിന്റെ പിന്നിലെ നിഗൂഢതകളിലേക്ക് ശാസ്ത്രജ്ഞര്‍ കടക്കുകയാണ്. രണ്ട് നിഗമനങ്ങളാണ് നിലവിലുള്ളത്. ഒന്ന് മൃഗങ്ങളില്‍ (വവ്വാല്) നിന്ന് മനുഷ്യരിലേക്ക്, അല്ലെങ്കില്‍ വുഹാനിലെ വൈറോളജി ലാബില്‍ നിന്ന് സംഭവിച്ചത്.
ഡബ്ല്യുഎച്ച്ഒയുടെ ആദ്യ പഠനം അപര്യാപ്തമായിരുന്നെന്ന് അമേരിക്ക ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. ചൈനയിലടക്കം സുതാര്യവും തെളിവുകളുടെ അടിസ്ഥാനത്തിലും പുനരന്വേഷണം ആവശ്യമാണെന്നും അമേരിക്കന്‍ മിഷന് വ്യക്തമാക്കി.