ബാലസോര്‍: കരയില്‍നിന്നു കരയിലെ ലക്ഷ്യങ്ങളിലേക്കു വിക്ഷേപിക്കാവുന്ന പുതുതലമുറ മിസൈല്‍ ‘പ്രളയ്’ തുടര്‍ച്ചയായ രണ്ടാം ദിവസവും വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലസ്റ്റിക് മിസൈല്‍ ഒഡിഷ തീരത്തെ ഡോ. എപിജെ അബ്ദുല്‍ കലാം ദ്വീപില്‍നിന്നാണ് വിക്ഷേപിച്ചത്.
ദൗത്യത്തിന്റെ എല്ലാ പ്രഖ്യാപിത ലക്ഷ്യങ്ങളും നിശ്ചയിച്ച തരത്തില്‍ പൂര്‍ത്തിയാക്കിയതായി മിസൈല്‍ വികസിപ്പിച്ച കേന്ദ്ര പ്രതിരോധ ഗവേണ സംഘടന (ഡി ആര്‍ ഡി ഒ) അറിയിച്ചു.
മിസൈലിന്റെ കൃത്യതയും പ്രഹരശേഷിയും ഉറപ്പാക്കാനായി ഭാരമേറിയ പേലോഡും വ്യത്യസ്ത ദൂരത്തിലുമായിട്ടായിരുന്നു ഇന്നത്തെ പരീക്ഷണം. ബുധനാഴ്ചയായിരുന്നു മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം.
മുന്‍കൂട്ടി തീരുമാനിച്ചിരുന്ന ക്വാസി ബാലിസ്റ്റിക് പാത അതുപോലെ പിന്തുടര്‍ന്ന മിസൈല്‍, ലക്ഷ്യങ്ങള്‍ വലിയ കൃത്യതയോടെ ഭേദിച്ചു. എല്ലാ ഉപ സംവിധാനങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചതായി ഡി ആര്‍ ഡി ഒ അറിയിച്ചു.
Also Read: വിന്റേജ് ആവി എന്‍ജിന്‍ ആക്രിയായി വില്‍ക്കാന്‍ ശ്രമം; റെയില്‍വേ എന്‍ജിനീയര്‍ക്ക് സസ്‌പെന്‍ഷന്‍
കിഴക്കന്‍ തീരത്തുടനീളം വിന്യസിച്ച ടെലിമെട്രി, റഡാര്‍, ഇലക്ട്രോ ഒപ്റ്റിക് ട്രാക്കിങ് സംവിധാനം, ഇംപാക്ട് പോയിന്റിനു സമീപം വിന്യസിച്ച കപ്പലുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ റേഞ്ച് സെന്‍സറുകളും ഉപകരണങ്ങളും മിസൈല്‍ സഞ്ചാരം കൃത്യമായി രേഖപ്പെടുത്തി..
150 മുതല്‍ 500 കിലോമീറ്റര്‍ വരെ ദൂരപരിധി ലക്ഷ്യമിടുന്ന ഭൂതല മിസൈലായ ‘പ്രളയ്’ സോളിഡ് പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറും മറ്റു പുതിയ സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സഞ്ചരിക്കുന്ന വിക്ഷേപണ സംവിധാനങ്ങളില്‍നിന്നു മിസൈല്‍ തൊടുക്കാനാവും. അത്യാധുനിക നാവിഗേഷനും സംയോജിത വ്യോമ ഇലക്ട്രോണിക് സാങ്കേതികവിദ്യയും മിസൈലിന്റെ മാര്‍ഗനിര്‍ദേശക സംവിധാനത്തില്‍ ഉള്‍പ്പെടുന്നു.
മിസൈല്‍ വിക്ഷേപണം വിജയകരമാക്കിയ ഡിആര്‍ഡിഒയെയും അനുബന്ധ സംഘങ്ങളെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. വിക്ഷേപണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘങ്ങളെ ഡിആര്‍ഡിഒ ചെയര്‍മാന്‍ ഡോ ജി സതീഷ് റെഡ്ഡിയും അഭിനന്ദിച്ചു. പ്രതിരോധ ഗവേഷണത്തില്‍ രൂപകല്‍പ്പനയ്ക്കും വികസിപ്പിക്കാനുമുള്ള കഴിവ് രാജ്യം തെളിയിച്ചതായി പറഞ്ഞു.