ബെംഗളൂരു: ഐഎസ്ആര്‍ഒയുടെ നാല്‍പ്പതാമത് വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-31 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയില്‍ നിന്നും എരിയാനെ-5 എന്ന റോക്കറ്റാണ് ഉപഗ്രഹം ഭ്രമപണപഥത്തില്‍ എത്തിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30നായിരുന്നു വിക്ഷേപണം.
‘2019ല്‍ ഐഎസ്ആര്‍ഒയുടെ മൂന്നാമത്തെ ദൗത്യമാണിത്. ജിസാറ്റ്-31ന്റെ വിജയകരമായ വിക്ഷേപണം എനിക്ക് ഏറെ സന്തോഷം തരുന്നുണ്ട്,’ ഇന്ത്യന്‍ സ്പേസ് റിസർച് സെന്റര്‍ ഓര്ഗനൈസേഷന് സതീഷ് ധവാന് സ്പേസ് സെന്റര്‍ ഡയറക്ടര്‍ എസ്.പാണ്ഡ്യന് പറഞ്ഞു.
ഐഎസ്ആര്‍ഒയുടെ മുന്‍ ഉപഗ്രഹങ്ങളായ ഇന്‍സാറ്റ്/ജിസാറ്റ് എന്നിവയുടെ പിന്തുടര്ച്ചയാണ് ജിസാറ്റ്-31 എന്ന് അധികൃതര്‍ പറയുന്നു. നിലവില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ക്ക് ജിസാറ്റ്-31 സഹായകമാവും. 2,535 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ കാലാവധി 15 വര്‍ഷമാണ്.
ടെലിവിഷന്‍, ഡിജിറ്റല്‍ സാറ്റലൈറ്റ് വാര്‍ത്താശേഖരണം, വിസാറ്റ് നെറ്റ്വര്‍ക്ക്. ഡിടിഎച്ച് ടെലിവിഷന്‍ സേവനം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഉപഗ്രഹം പ്രയോജനപ്പെടുത്തുക. ഇന്ത്യയൊട്ടാകെയും അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലും കവറേജ് ലഭിക്കും. ജിസാറ്റ്-31ന് പുറമെ ഏരിയൻ -5 സൗദി ജിയോസ്റ്റേഷണൽ സാറ്റലൈറ്റ് 1 / ഹെല്ലസും വഹിച്ചുകൊണ്ടാണ് യാത്ര തിരിച്ചത്.