ഹേഗ്: ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ പൗരൻ കുൽഭൂഷൺ യാദവിന്റെ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതി പരിശോധനയ്ക്ക് എടുക്കുന്നു. നേരത്തേ ഇന്ത്യയുടെ വാദമുഖങ്ങൾ അംഗീകരിച്ച് ഇദ്ദേഹത്തിന്റെ വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യ സ്വന്തം വാദമുഖങ്ങൾ എഴുതി നൽകിയിരിക്കുകയാണ്.

തീവ്രവാദവും ചാരവൃത്തിയും ആരോപിച്ചാണ് ഇന്ത്യയുടെ മുൻ നാവിക സേന ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ (47) കഴിഞ്ഞ വർഷം മാർച്ച് മൂന്നിനു ബലൂചിസ്ഥാനിൽ നിന്നു പാക്കിസ്ഥാൻ സൈന്യം പിടികൂടിയത്. പിന്നീട് പാക് സൈനിക കോടതിയിൽ നടന്ന വിചാരണയ്ക്ക് ശേഷം ഇദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

പാക് സൈനിക കോടതി ജാദവിനു വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും രാജ്യാന്തര കോടതിയെ സമീപിക്കുകയുമായിരുന്നു. ഇന്ത്യയുടെ വാദമുഖങ്ങൾ അംഗീകരിച്ച കോടതി അന്തിമവിധി വരുന്നതുവരെ ശിക്ഷ നടപ്പാക്കരുതെന്ന് പാക്കിസ്ഥാനോട് നിർദ്ദേശിക്കുകയായിരുന്നു. നയതന്ത്ര തലത്തിൽ ഇന്ത്യയുടെ വലിയ വിജയമായാണ് ഇത് സ്വീകരിക്കപ്പെട്ടത്.

ഇന്ത്യ എഴുതി നൽകിയ വാദമുഖങ്ങൾ ഇനി അന്താരാഷ്ട്ര കോടതി പരിഗണിക്കും. 2003ൽ നാവികസേനയിൽനിന്നു വിരമിച്ച ജാദവ്, ഇറാനിലെ ഛബഹാറിൽ വ്യാപാരം ചെയ്തുവരികയായിരുന്നുവെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. ജാദവിനു പാക്കിസ്ഥാൻ നീതി നിഷേധിച്ചു, അഭിഭാഷകന്റെ സഹായം നൽകിയില്ല, നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച 16 തവണ നിഷേധിച്ചു തുടങ്ങിയ ആരോപണങ്ങളും ഇന്ത്യ ഉയർത്തി.

ഡിസംബർ 13നാണ് പാക്കിസ്ഥാനു വാദങ്ങൾ സമർപ്പിക്കാനുള്ള അവസരം. ഇതും അന്താരാഷ്ട്ര കോടതി വിശദമായി പഠിക്കും. അതേസമയം രാജ്യാന്തര നീതിന്യായ കോടതിയുടെ ഇടപെടല്‍ തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് നേരത്തേ പാക്കിസ്ഥാൻ പ്രതികരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ