ന്യൂഡൽഹി: ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ. യുകെയെ പിന്തള്ളിയാണ് ഇന്ത്യ ഈ സ്ഥാനം നേടിയത്. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് നിലവില്‍ ഇന്ത്യക്കു മുന്നിലുള്ളത്. 2021-ലെ അവസാന മൂന്നുമാസങ്ങളിലെ പ്രകടനമാണ് യു.കെയെ മറികടക്കാന്‍ ഇന്ത്യയ്ക്കു സഹായകമായത്.
യുഎസ് ഡോളറിനെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. രാജ്യാന്തര നാണയ നിധിയുടെ ജിഡിപി കണക്കുകൾ പ്രകാരം ആദ്യ പാദത്തിൽ ഇന്ത്യ ലീഡ് ഉയർത്തി. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഈ വർഷം ഏഴുശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 10 വർഷം മുൻപ് ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ 11-ാം സ്ഥാനത്തായിരുന്നു, യു.കെ അഞ്ചാം സ്ഥാനത്തായിരുന്നു.
അതേസമയം, രാജ്യാന്തര റാങ്കിങ്ങിലെ യുകെയുടെ ഇടിവ് പുതിയ പ്രധാനമന്ത്രിക്ക് വെല്ലുവിളിയാകും. ഇന്ത്യന്‍ വംശജനായ റിഷി സുനാക്കും ലിസ് ട്രസുമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കും പ്രധാനമന്ത്രിപദത്തിലേക്കുമുള്ള മത്സരത്തിലുള്ളത്.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വേഗത്തിലുള്ള പണപ്പെരുപ്പത്തിലൂടെയാണ് യുകെ കടന്നുപോകുന്നത്. 2024 വരെ നീണ്ടുനിൽക്കുന്ന മാന്ദ്യ ഭീഷണിയും രാജ്യം നേരിടുന്നുണ്ടെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിപ്പോർട്ട്.