ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര നീതിന്യായ കോടതിയിലും ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്ഭൂഷണ് ജാദവിന്റെ കേസ് പരിഗണിക്കുന്ന രാജ്യാന്തര കോടതിയിലാണ് വ്യത്യസ്തമായ രീതിയില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചത്. വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ദീപക് മിത്തല്‍ ആണ് പാക് ഉദ്യോഗസ്ഥന് ഹസ്തദാനം നിഷേധിച്ചത്.
പാക്കിസ്ഥാന് അഡ്വക്കേറ്റ് ജനറല്‍ അന്‍വര്‍ മന്‍സൂര്‍ ഖാന് ഹസ്തദാനത്തിനായി കൈ നീട്ടിയെങ്കിലും ദീപക് മിത്തല്‍ കൈകൂപ്പി നമസ്തേ പറഞ്ഞു. കോടതി വാദത്തിന് തൊട്ടു മുമ്പായിരുന്നു സംഭവം. കേസില്‍ അന്തിമവാദമാണ് ഇപ്പോള്‍ നടക്കുന്നത്. കുല്ഭൂഷണ് ജാദവിനായി മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേയാണ് ഹാജരാകുന്നത്. കുൽഭൂഷണ് ജാദവിന് പാക്കിസ്ഥാന് നയതന്ത്ര സഹായം നിഷേധിച്ചെന്ന് സാല്‍വേ വാദിച്ചു. വിയന്ന കരാര്‍ ലഘനം നടന്നായും സാല്‍വേ വ്യക്തമാക്കി.
ചാരപ്രവർത്തനം, ഭീകരാക്രമണം എന്നീ കുറ്റങ്ങൾക്കാണ് 2017 ൽ കുല്ഭൂഷണ് ജാദവിനെ പാക്കിസ്ഥാൻ വധശിക്ഷയ്ക്കു വിധിച്ചത്. ഇതിനെതിരായ ഇന്ത്യയുടെ ഹർജി സ്വീകരിച്ച രാജ്യാന്തര കോടതി വധശിക്ഷ മരവിപ്പിച്ചു. ബലൂചിസ്ഥാനിൽ നിന്നാണ് ജാദവിനെ പിടിച്ചതെന്നാണു പാക്കിസ്ഥാൻ അവകാശപ്പെടുന്നത്. നാവികസേനയിൽ നിന്നു വിരമിച്ചശേഷം ഇറാനിൽ ബിസിനസ് ചെയ്തുവരുകയായിരുന്ന ജാദവിനെ അവിടെനിന്ന് തട്ടിക്കൊണ്ടുപോയതാണെന്നാണ് ഇന്ത്യയുടെ നിലപാട്.