ഇസ്ലാമബാദ്: ഇന്ത്യ പാക്കിസ്ഥാനെ ‘അധിക്ഷേപിക്കുന്നത്’ നിര്‍ത്തുകയും കശ്മീര്‍ പ്രശ്നത്തില്‍ ‘രാഷ്ട്രീയവും നയതന്ത്രപരവുമായ’ പരിഹാരം കണ്ടെത്തണമെന്ന് പാക്കിസ്ഥാന്‍ പട്ടാള മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ. കഴിഞ്ഞരാത്രിയില്‍ റാവല്‍പിണ്ടിയിൽ നടന്ന പ്രതിരോധദിന സദസ്സിൽ സംസാരിക്കുകയായിരുന്നു പാകിസ്ഥാൻ പട്ടാള മേധാവി. തെക്കനേഷ്യൻ രാജ്യങ്ങള്‍ സമാധാനവും ക്ഷേമവുമാണ് കാംക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ അധീനതയിലുള്ള കശ്മീരില്‍ നിര്‍ദോഷികളായ ജനങ്ങളെ കൊന്നൊടുക്കുകയാണ് എന്നാരോപിച്ച ഖമര്‍ ജാവേദ്. ഇന്ത്യ ശാന്തിക്കും സമാധാനത്തിനും അവസരമൊരുക്കണം എന്നും ആവശ്യപ്പെട്ടു. “കശ്മീരില്‍ ഒരു ശാശ്വത പരിഹാരമെന്നത് ഇന്ത്യയ്ക്കും താത്പര്യമുള്ള കാര്യമാണ്. പാക്കിസ്ഥാനെ ‘അധിക്ഷേപിക്കുകയും കശ്മീരികള്‍ക്ക് നേരെ നിറയൊഴിക്കുകയും ചെയ്യുന്നതിനു പകരം രാഷ്ട്രീയവും നയതന്ത്രപരവുമായ പ്രക്രിയയിലൂടെ ആ ലക്ഷ്യത്തിലേക്ക് എത്താന്‍ ശ്രമിക്കേണ്ടതുണ്ട്. ” പാക്കിസ്ഥാന്‍ പട്ടാള മേധാവി പറഞ്ഞു.
കശ്മീര്‍ പ്രശ്നത്തെ സംസാരിച്ചു പരിഹാരിക്കാനാണ് പാക് താത്പര്യം എന്നു പറഞ്ഞ ബജ്വ. ” ഇരുരാജ്യങ്ങളിലുമായി ദശലക്ഷക്കണക്കിനു ജനങ്ങളുടെ ക്ഷേമം പ്രദേശത്തെ ശാന്തിയും സമാധാനവും ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. പക്ഷെ അതിലേക്ക് എത്തിച്ചേരണം എങ്കില്‍ പ്രദേശത്തെ നിരായുധരും നിര്‍ദോഷികളുമായ ജനങ്ങളെ ആസൂത്രിതമായി ലക്ഷ്യം വെയ്ക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്” എന്നും പറഞ്ഞു.
യുണൈറ്റഡ് നേഷന്‍സ് സെക്യൂരിറ്റി കൗണ്‍സില്‍ മുന്നോട്ടുവെക്കുന്ന കശ്മീരികളുടെ സ്വയം നിര്‍ണയാവകാശത്തിനു “രാഷ്ട്രീയവും, ധാര്‍മികവും നയതന്ത്രപരവുമായ പിന്തുണ” നല്‍കുന്നത് പാക്കിസ്ഥാന്‍ തുടരും എന്നുപറഞ്ഞ പാക് പട്ടാളമേധാവി. “സായുധബലം ഉപയോഗിച്ചും വെള്ളത്തിന്റെ പങ്കു കൈയടക്കിക്കൊണ്ടും” പാക്കിസ്ഥാനെ ശിഥിലമാക്കുവാന്‍ ശ്രമിക്കുകയാണ് ഇന്ത്യ എന്നും ആരോപിച്ചു.
പാക്കിസ്ഥാന്‍ ഭീകരവാദത്തിനെതിരായി നിലകൊള്ളുന്ന രാജ്യമാണ് എന്നും പാക് പട്ടാള മേധാവി പറഞ്ഞു. “ഞങ്ങള്‍ യുദ്ധത്തിനും ഭീകരവാദത്തിനും എതിരാണ്. എല്ലാ രാഷ്ട്രങ്ങളോടും പരസ്പര ബഹുമാനത്തോട് കൂടിയും തുല്യതയോടു കൂടിയും കാണുകയും ഇടപെടുകയും ചെയ്യണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ” ഖമര്‍ ജാവേദ് ബജ്വ പറഞ്ഞു. 1965ല്‍ ഇന്ത്യയുമായ് ഏര്‍പ്പെട്ട യുദ്ധം അടയാളപ്പെടുത്താനാണ് പാക്കിസ്ഥാന്‍ പ്രതിരോധ ദിനം ആചരിക്കുന്നത്.