ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാക്കളെ കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിലെ അംഗം. വിദേശികളായ നേതാക്കള്‍ക്ക് അനുമതി നല്‍കാന്‍ കഴിയുമെങ്കില്‍ പിന്നെന്തുകൊണ്ട് ഇന്ത്യയിലെ പ്രതിപക്ഷത്തിന് അനുമതിയില്ലെന്ന് ജർമനിയില്‍ നിന്നുമുള്ള പ്രതിനിധി നിക്കോളാസ് ഫെസ്റ്റ് ചോദിച്ചു.
‘എനിക്ക് തോന്നുന്നത്, നിങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളെ പ്രവേശിക്കാന്‍ അനുവദിക്കുന്നുണ്ടെങ്കില്‍ ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളേയും അനുവദിക്കണം എന്നാണ്. എന്തോ ഒരു അസന്തുലിതാവസ്ഥയുണ്ട്. സര്‍ക്കാര്‍ അതിനെ അഭിമുഖീകരിച്ചേ മതിയാകൂ” നിക്കോളാസ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ പരിശോധിക്കാനായി 23 അംഗ പ്രതിനിധി സംഘമാണ് കശ്മീരിലെത്തിയത്. സന്ദര്‍ശത്തിന് ശേഷമുള്ള പത്ര സമ്മേളനത്തില്‍ സംഘം പറഞ്ഞത് തങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടാനല്ല വന്നതെന്നും സാധാരണക്കാരെ കണ്ട് സാഹചര്യം മനസിലാക്കാനാണെന്നായിരുന്നു.
Read More: കശ്മീർ ഒരിക്കലും നിങ്ങളുടേതായിരുന്നില്ല, പിന്നെന്തിന് കരയുന്നു: പാക്കിസ്ഥാനോട് രാജ്നാഥ് സിങ്
”ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഞങ്ങള്‍ക്ക് ഒരു താല്‍പര്യവുമില്ല. ഞങ്ങള്‍ക്ക് സാധാരണക്കാരെ കണ്ടാല്‍ മതി. കശ്മീരിലേക്കുള്ള വരവ് നല്ലൊരു അനുഭവമായിരുന്നു. എല്ലാം ശരിയായ ദിശയിലാണ് നടക്കുന്നത്. കശ്മീര്‍ ജനതയ്ക്ക് സമാധാനവും വികസനുവമാണ് വേണ്ടത്. അവര്‍ക്ക് സ്‌കൂളും ആശുപത്രികളുമാണ് ആവശ്യം” സംഘം പറഞ്ഞു.
”കശ്മീരിലെ എല്ലാ പ്രശ്‌നങ്ങളും ഭീകരവാദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭീകരവാദം വരുന്നത് പാക്കിസ്ഥാനില്‍ നിന്നുമാണെന്ന് ഞങ്ങള്‍ മനസിലാക്കി. ഇന്ത്യന്‍ രാഷ്ട്രീയം നിങ്ങളുടെ വിഷയമാണ്, പക്ഷെ ഭീകരവാദം ഞങ്ങളുടേതാണ്” അവര്‍ കൂട്ടിച്ചേര്‍ത്തു.