ന്യൂഡല്‍ഹി: ചാരപ്രവര്‍ത്തനം ആരോപിക്കപ്പെട്ട് പാക്കിസ്ഥാന്റെ പിടിയിലുള്ള ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കാന്‍ ഇന്ത്യ ബോംബ് ആക്രമണം നടത്തണമെന്ന് വിഎച്ച്പി വിവാദ നേതാവ് പ്രവീണ്‍ തൊഗാഡിയ. ഭീകരവാദത്തിന് തടയിടാന്‍ കശ്മീരി ജിഹാദികളെ ലക്ഷ്യമിട്ട് കാര്‍പറ്റ് ബോംബിംഗ് നടത്തണമെന്നും തൊഗാഡിയ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയെ ഇന്ത്യ മാതൃക ആക്കണമെന്ന് പറഞ്ഞാണ് ബോംബ് ആക്രമണം നടത്തണമെന്ന് ആവശ്യപ്പെട്ടത്. “അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഭീകരവാദികളെ ലക്ഷ്യമിട്ട് ബോംബ് ആക്രമണം നടത്തിയ ട്രംപിനെ കണ്ടാണ് ഇന്ത്യ പഠിക്കേണ്ടത്. ഇത്തരത്തിലാണ് വധശിക്ഷ വധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ജാദവിനെ മോചിപ്പിക്കേണ്ടതെന്നും പ്രവീണ്‍ തൊഗാഡിയ വ്യക്തമാക്കി.

“10,000 കി.മീറ്ററുകളോളം ദൂരെയുള്ള അഫ്ഗാനിസ്ഥാനിലാണ് അമേരിക്ക ഭീകരരെ ലക്ഷ്യമിട്ട് ബോംബാക്രമണം നടത്തിയത്. ഡല്‍ഹിയില്‍ നിന്നും വെറും 800 കി.മീറ്റര്‍ മാത്രം ദൂരെയുള്ള പാക്കിസ്ഥാനെ ആക്രമിച്ചാണ് പരിഹാരം കാണേണ്ടതെന്നും” അദ്ദേഹം പറഞ്ഞു.

“കശ്മീരില്‍ സൈന്യത്തോട് യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള ഭീകരരെ തുടച്ചുനീക്കണം. അവരെ ബോംബിട്ട് നശിപ്പിക്കാന്‍ സമയമായെന്ന് തിരിച്ചറിയണം. ഇല്ലെങ്കില്‍ ശത്രുക്കള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ച് രാജ്യത്തെ വെട്ടിമുറിക്കുമെന്നും” തൊഗാഡിയ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ