ന്യൂഡല്‍ഹി: അടുത്ത ഒന്നര പതിറ്റാണ്ടിനുള്ളില്‍ 5 ജി സാങ്കേതികവിദ്യ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് 450 ബില്യൺ ഡോളർ സംഭാവന ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത പത്ത് വർഷത്തിനുള്ളിൽ 6 ജി സേവനങ്ങൾക്കായി ഇന്ത്യ തയ്യാറാകണമെന്നും ഇതിനായി ഒരു ദൗത്യസംഘം ഇതിനകം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
5 ജി ഇന്റര്‍നെറ്റിന്റെ വേഗത മാത്രമല്ല സാമ്പത്തിക വികസനത്തിന്റെയും തൊഴിലവസരങ്ങളുടെയും വേഗതയും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) 25-ാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
2 ജി യുഗം അഴിമതികൊണ്ട് അടയാളപ്പെടുത്തിയെങ്കില്‍ രാജ്യം 4 ജിയിലേക്കും ഇപ്പോൾ 5 ജിയിലേക്കും സുതാര്യമായി മാറിയെന്നും മോദി അവകാശപ്പെട്ടു. ഇന്ത്യയിലെ മൊബൈൽ നിർമ്മാണ യൂണിറ്റുകൾ രണ്ടില്‍ൽ നിന്ന് 200 ലധികമായി വര്‍ധിച്ചിട്ടുണ്ടെന്നും രാജ്യം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ നിർമ്മാണ കേന്ദ്രമാണ് എന്നും മോദി കൂട്ടിച്ചേർത്തു.
ഐഐടി മദ്രാസിന്റെ നേതൃത്വത്തില്‍ മൊത്തം എട്ട് സ്ഥാപനങ്ങൾ ചേർന്ന് മൾട്ടി-ഇൻസ്റ്റിറ്റ്യൂട്ട് സഹകരണ പദ്ധതിയായി വികസിപ്പിച്ചെടുത്ത തദ്ദേശീയമായ 5 ജി ടെസ്റ്റ് ബെഡും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. ടെലികോം വ്യവസായം, സ്റ്റാർട്ടപ്പുകൾ, ഗവേഷകർ എന്നിവർക്ക് 5 ജിയിലെ പ്രോട്ടോടൈപ്പുകൾ സാധൂകരിക്കാൻ ടെസ്റ്റ് ബെഡ് ഉപയോഗിക്കാം.