ന്യൂഡൽഹി: അതിർത്തി പ്രശ്നങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ലഡാക്ക് സന്ദർശനത്തിൽ പ്രതികരണവുമായി ചൈന. അതിർത്തിയിലെ സാഹചര്യം സങ്കീണ്ണമാക്കരുതെന്നും ചൈനയുമായുള്ള ബന്ധത്തിൽ ഇന്ത്യ തന്ത്രപരമായ വീഴ്ച ഒഴിവാക്കണമെന്നും ചൈന പ്രതികരിച്ചു. ഇന്ത്യയിലെ നേതാക്കൾ അനാവശ്യ പ്രസ്താവനകൾ നടത്തുന്നുവെന്നും ചൈന ആരോപിച്ചു. ഇത്തരത്തിലുള്ള പ്രസ്താവന ചൈനയിൽ നിന്ന് അസാധാരണമാണ്.

നേരത്തേ 2018 ൽ പാകിസ്ഥാൻ ഈ വാചകം ഉപയോഗിച്ചിരുന്നു. ഇന്ത്യൻ “യുദ്ധം” പ്രാദേശിക സമാധാനത്തിന് ഭീഷണിയാണെന്നും അത് തന്ത്രപരമായ വീഴ്ചയ്ക്ക് ഇടയാക്കുമെന്നും പാകിസ്ഥാന്റെ അന്നത്തെ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് പി അഞ്ച് രാജ്യങ്ങളുടെ പ്രതിനിധികളോട് പറഞ്ഞിരുന്നു.

Read More: ഊർജം പകരാൻ മോദി ആശുപത്രിയിലെത്തി; സെെനികർക്ക് ബിഗ് സല്യൂട്ട്

രാജ്യത്തെ റോഡുകളും ദേശീയപാതകളും നിർമ്മിക്കുന്നതിൽ നിന്ന് ചൈനീസ് കമ്പനികളെ വിലക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യങ്ങളോടും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പ്രതികരിച്ചു. ഇന്ത്യയിലെ ചില രാഷ്ട്രീയ നേതാക്കൾ നടത്തുന്ന നിരുത്തരവാദപരമായ പരാമർശങ്ങൾ ചൈന-ഇന്ത്യ ബന്ധത്തിന് ഹാനികരമാണ്. ചൈന-ഇന്ത്യ ബന്ധം നിലനിർത്തുന്നതിന് ഇരുവശത്തും സമഗ്രമായ ശ്രമം നടത്തണമെന്ന് ഷാവോ ആവശ്യപ്പെട്ടു. ഇന്ത്യ ചൈനയുമായി ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയും ഉഭയകക്ഷി ബന്ധത്തിന്റെ മൊത്തത്തിലുള്ള താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

“ചൈന-ഇന്ത്യ പ്രായോഗിക സഹകരണം പരസ്പര പ്രയോജനകരവും സ്വാഭാവികതിൽ വിജയിക്കുന്നതുമാണ്. അത്തരം സഹകരണത്തിന് കൃത്രിമമായി തടസ്സങ്ങൾ സ്ഥാപിക്കുന്നത് ഡബ്ല്യുടിഒ നിയമങ്ങൾ ലംഘിക്കുക മാത്രമല്ല ഇന്ത്യയുടെ താൽപ്പര്യങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്നു. ചൈനീസ് ബിസിനസുകളുടെ നിയമാനുസൃത അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ചൈന സ്വീകരിക്കും,” ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ച സംഭവത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

ഈ വിഷയം വിശദീകരിച്ചുകൊണ്ട് ഷാവോ പറഞ്ഞു, “ഇന്ത്യ നമ്മോടൊപ്പം പ്രവർത്തിക്കുമെന്ന് ചൈന പ്രതീക്ഷിക്കുന്നു, ഇരു നേതാക്കളും തമ്മിലുള്ള സുപ്രധാന സമവായത്തിൽ വീഴ്ച വരുത്താതിരിക്കുക. ഇരു സർക്കാരുകളും തമ്മിലുള്ള കരാറുകൾ പാലിക്കുക, ആശയവിനിമയവും ഏകോപനവും ശക്തിപ്പെടുത്തുക നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ നിലവിലെ സാഹചര്യം കൈകാര്യം ചെയ്യുക, അതിർത്തി പ്രദേശങ്ങളിൽ സമാധാനവും സ്ഥിരതയും സംയുക്തമായി ഉയർത്തിപ്പിടിക്കുക. ”

“അതേസമയം, ദേശീയ വികസനവും പുനരുജ്ജീവനവും ത്വരിതപ്പെടുത്തുകയെന്ന ചരിത്രപരമായ ദൗത്യം ചൈനയും ഇന്ത്യയും വഹിക്കുന്നുണ്ട്. അതിനാൽ, പരസ്പര ബഹുമാനവും പരസ്പര പിന്തുണയും ശരിയായ പാതയെ പ്രതിനിധീകരിക്കുന്നു. ഒപ്പം ഇരു രാജ്യങ്ങളുടെയും ദീർഘകാല താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നു.”

“ഇരുരാജ്യങ്ങളുടെയും നേതാക്കൾ എത്തിച്ചേർന്ന സുപ്രധാന സമവായം പിന്തുടരുകയും ഉഭയകക്ഷി ബന്ധം നിലനിർത്തുകയും വേണം. ചൈനയുമായി ബന്ധപ്പെട്ട് തന്ത്രപരമായ തെറ്റായ കണക്കുകൂട്ടൽ ഇന്ത്യ ഒഴിവാക്കണം,” ചൈനയും ഇന്ത്യയും സൈനിക, നയതന്ത്ര മാർഗങ്ങളിലൂടെ പരസ്പരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Read in English: India should avoid strategic miscalculation: China on LAC standoff

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook