ഒരു വർഷം മുൻപ് റഷ്യൻ- യുക്രെയ്ൻ യുദ്ധത്തെ തുടർന്നാണ് ഇന്ത്യയ്ക്ക് റഷ്യയിൽ നിന്നുള്ള പെട്രോളിയം (ക്രൂഡ് ഓയിൽ) വിലക്കിഴിവോടെ ലഭിച്ചത്. രാജ്യത്തിന്റെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിലെ വ്യാപാര ഡേറ്റ പ്രകാരം, ഏകദേശം 2.5 ബില്യൺ ഡോളർ ലാഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിശകലനത്തിൽ മനസ്സിലാക്കുന്നത്. ഈ സമ്പാദ്യം ഇന്ത്യയ്ക്ക് ഗുണകരമാണങ്കിലും റഷ്യ വാഗ്ദാനം ചെയ്ത വൻ കിഴിവുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി കണക്കാക്കിയാൽ, ഇത് പ്രതീക്ഷിച്ചതിലും വളരെ കുറവാണ്.
വിശകലനം അനുസരിച്ച്, വിലകുറഞ്ഞ അസംസ്കൃത റഷ്യൻ എണ്ണ, ഇന്ത്യയിലേക്കുള്ള ഇറക്കുമതിയ്ക്കുള്ള ശരാശരി ലാൻഡഡ് വില (ഉൽപ്പാദന സ്ഥലത്ത് നിന്നും ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നതിനാകുന്ന ആകെത്തുക) കുറച്ചിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഉപഭോക്താവായ ഇന്ത്യയ്ക്ക് കഴിഞ്ഞ ഒൻപത് മാസ കാലയളവിൽ ബാരലിന് ഏകദേശം രണ്ടു ഡോളർ മാത്രമാണ് കുറഞ്ഞത്. ഏപ്രിൽ-ഡിസംബർ കാലയളവിൽ ഇറക്കുമതി ചെയ്ത പെട്രോളിയത്തിന്റെ ശരാശരി ലാൻഡഡ് വില ബാരലിന് 99.2 ഡോളറായിരുന്നു. റഷ്യൻ ബാരലുകളെ ഇവയിൽനിന്നു ഒഴിവാക്കിയാൽ, ശരാശരി വില ബാരലിന് 101.2 ഡോളറായി ഉയരും.
നിർദ്ദിഷ്ട കാലയളവിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ ആകെ മൂല്യം 126.51 ബില്യൺ ഡോളറാണ്. മറ്റ് വിതരണക്കാരിൽ നിന്ന് ക്രൂഡിന് നൽകിയ ശരാശരി വില ഇന്ത്യൻ റിഫൈനറികൾ റഷ്യൻ എണ്ണയ്ക്ക് നൽകിയിരുന്നെങ്കിൽ, എണ്ണ ഇറക്കുമതി ബിൽ ഏകദേശം 129 ബില്യൺ ഡോളർ അല്ലെങ്കിൽ ഏകദേശം രണ്ട് ശതമാനം കൂടുതലാകുമായിരുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ കാലയളവിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ മൂല്യം ഏകദേശം 22 ബില്യൺ ഡോളറായിരുന്നു.
ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ ഇന്ത്യയിലെ റഷ്യൻ പെട്രോളിയത്തിന്റെ ശരാശരി ലാൻഡഡ് വില ബാരലിന് 90.9 ഡോളറായിരുന്നു, ഇത് റഷ്യൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള പെട്രോളിയത്തേക്കാൾ ബാരലിന് ശരാശരി വിലയേക്കാൾ 10.3 ഡോളർ കുറവാണ്. മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പെട്രോളിയത്തിന്റെ ശരാശരി ലാൻഡഡ് വിലയേക്കാൾ 10.1 ശതമാനം കിഴിവാണിത്. ഗണ്യമായതാണെങ്കിലും, ഈ കിഴിവ് ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള വിവിധ റിപ്പോർട്ടുകളിൽ അവകാശപ്പെട്ടതിനേക്കാൾ വളരെ കുറവാണ്.
സ്ഥിരമായി പെട്രോളിയം നൽകിയിരുന്ന രാജ്യങ്ങളെ അപേക്ഷിച്ച്, റഷ്യൻ എണ്ണയ്ക്ക് താരതമ്യേന ഉയർന്ന ചരക്ക് കൂലിയും ഉയർന്ന ഇൻഷുറൻസും കാരണമാണ് ഈ വ്യത്യാസമെന്ന് വ്യവസായ രംഗത്തെ പ്രമുഖർ പറയുന്നു. യുക്രെയ്‌ൻ യുദ്ധത്തെതുടർന്ന് പാശ്ചാത്യ ഉപരോധം നേരിടുന്ന മോസ്കോയ്‌ക്കൊപ്പം റഷ്യൻ എണ്ണ കടത്തുന്നതിനുള്ള ചരക്ക്, ഇൻഷുറൻസ് ചെലവുകൾ എന്നിവ ഗണ്യമായി വർദ്ധിച്ചതായി റിപ്പോർട്ടുണ്ട്. അതിനാൽ, എണ്ണയുടെ വിലയിൽ വലിയ കിഴിവുകൾ ലഭിക്കുമെങ്കിലും, ലാൻഡഡ് വിലയിലെ കിഴിവ് (ചരക്ക്, ഇൻഷുറൻസ് ചെലവുകൾ ഉൾപ്പെടെ) കുറവായിരിക്കും.
“ഇതുവരെയുള്ള ഉൽപ്പാദനത്തിലെ മാറ്റം റഷ്യയിൽ നിന്നുള്ള എണ്ണയ്ക്ക് നൽകുന്ന യഥാർത്ഥ വിലയെ ബാധിക്കാമെന്നും പ്രഖ്യാപിത വിലയേക്കാൾ കൂടുതൽ നൽകേണ്ടി വരുമെന്നും ഞങ്ങൾ വാദിക്കുന്നു,” എന്ന് ഏഷ്യയിൽനിന്നു വാങ്ങുന്നവർ റഷ്യൻ പെട്രോളിയത്തിന് പറഞ്ഞിരുന്ന വിലയേക്കാൾ കൂടുതൽ പണം നൽകിയിട്ടുണ്ടാകുമെന്ന് ഫെബ്രുവരിയിൽ ഗോൾഡ്മാൻ സാക്സിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതിരുന്നു. ഇന്ത്യൻ റിഫൈനറികൾ വിലക്കിഴിവുള്ള റഷ്യൻ ക്രൂഡ് വാങ്ങാൻ തുടങ്ങിയത് പാശ്ചാത്യ രാജ്യങ്ങളെ പ്രകോപിപ്പിച്ചു. എണ്ണ വിൽപ്പനയിലൂടെ യുക്രൈയ്നിലെ യുദ്ധത്തിനുള്ള സാമ്പത്തിക ശേഷി കൈവരിക്കാനള്ള, റഷ്യൻ നീക്കത്തെ തടയാനായി എണ്ണ വാങ്ങുന്നത് ഒഴിവാക്കണമെന്നായിരുന്നു പാശ്ചാത്യ രാജ്യങ്ങളുടെ ആവശ്യം. ക്രൂഡോയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്ന് എന്ന നിലയിൽ, വില കുറച്ച് കിട്ടുന്ന എവിടെനിന്നും എണ്ണ വാങ്ങുമെന്ന നയമാണ് ഇന്ത്യ ഇതുവരെ പുലർത്തിയിരുന്നത്.
ന്യായമായ വിലയിൽ എണ്ണ വിതരണം ഉറപ്പാക്കാൻ ഇന്ത്യ മാർക്കറ്റ് കാർഡ് ഉപയോഗിക്കുമെന്ന് അടുത്തിടെ, പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു. പെട്രോളിയത്തിന്റെ ലോകത്തിലെ മൂന്നാമത്തെ വലിയ ഉപഭോക്താവായ ഇന്ത്യ, ആവശ്യകതയുടെ 85 ശതമാനത്തിലധികം ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഏപ്രിൽ-ഡിസംബർ കാലയളവിൽ റഷ്യൻ ക്രൂഡ് ഓയിൽ വിലയിലെ കിഴിവിൽ ഓരോ മാസവും ഗണ്യമായ മാറ്റമുണ്ടായിട്ടുണ്ടെന്ന് വ്യാപാര ഡാറ്റ വിശകലനത്തിൽ കാണിക്കുന്നു. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ വില ബാരലിന് 0.6 ഡോളറായിരുന്നു, മേയിൽ അത് ബാരലിന് 15.1 ആയി മാറി. ആ മാസങ്ങളിൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ക്രൂഡിന്റെ ശരാശരി വിലയുമായുള്ള വ്യത്യാസമാണിത്. ശതമാനത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ , കിഴിവ് 0.6 ശതമാനത്തിനും ഏതാണ്ട് 14 ശതമാനത്തിനും ഇടയിലാണ് ഈ വ്യത്യാസം.
രാജ്യത്ത്, ഏപ്രിൽ-ഡിസംബർ മാസങ്ങളിലെ ഇറക്കുമതി ചെയ്ത 173.93 ദശലക്ഷം ടൺ അഥവാ 1.27 ബില്യൺ ബാരൽ എണ്ണയുടെ ഏകദേശം 19 ശതമാനത്തോളം റഷ്യയിൽ നിന്നായിരുന്നു. ഇന്ത്യയിലേക്കുള്ള എണ്ണയുടെ നാമമാത്ര വിതരണക്കാരൻ എന്ന നിലയിൽ നിന്ന് ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ ഇറാഖിന് പിന്നിൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വിതരണക്കാരായി റഷ്യ മാറി. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയവരെ പിന്തള്ളിയാണ് റഷ്യ രണ്ടാമതെത്തിയത്. ഈ നിർദ്ദിഷ്ട കാലത്തിനുള്ളിൽ സെപ്തംബർ-ഡിസംബർ മാസങ്ങളിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്തത് റഷ്യയായിരുന്നു.
ചരക്ക് തിരിച്ചുള്ളതും രാജ്യം തിരിച്ചുള്ളതുമായ വ്യാപാര ഡേറ്റ സർക്കാർ വൈകിയാണ് പ്രസിദ്ധീകരിക്കുന്നത്. ലഭ്യമായ ഏറ്റവും പുതിയ ഡേറ്റ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിലേതാണ്. ജനുവരി വരെയുള്ള ഡേറ്റ മാർച്ചിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ക്രൂഡ് ഓയിലിന്റെ വില എണ്ണയുടെ ഗ്രേഡിനെ ആശ്രയിച്ചിരിക്കുന്നുവെന്നും അവയുടെ വില ഗണ്യമായി വ്യത്യാസപ്പെടുകയും ചെയ്യാം. ഗ്രേഡ് തിരിച്ചുള്ള ഇറക്കുമതി ഡേറ്റ ലഭ്യമല്ലാത്തതിനാൽ, ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ ഓരേ രാജ്യത്തുനിന്നും വിതരണം ചെയ്യുന്ന ക്രൂഡിന്റെ ശരാശരി ലാൻഡഡ് വിലയും ഇറക്കുമതിചെയ്ത പെട്രോളിയത്തിന്റെ അളവും മാത്രം ഉൾപ്പെടുത്തിയുള്ള കണക്കെടുപ്പിനെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറക്കുന്നതിനായി ഉപയോഗിച്ചിട്ടുള്ളത്.