scorecardresearch
Latest News

ഭീകരവാദത്തെ നേരിടുന്നത് പ്രധാനം; സഹകരണം വാഗ്ദാനം ചെയ്ത് സൗദി

ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവെക്കുന്നതിലടക്കം ഇന്ത്യയുമായി സഹകരിക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

ഭീകരവാദത്തെ നേരിടുന്നത് പ്രധാനം; സഹകരണം വാഗ്ദാനം ചെയ്ത് സൗദി

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരായ പ്രതിരോധം ശക്തമാക്കാനും ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായി. പാക്കിസ്ഥാനെ പേരെടുത്ത് പറയാതെയായിരുന്നു ഇരു ഭരണാധികാരികളും സംസാരിച്ചത്. ഭീകരവാദത്തേയും അത്തരക്കാരെ പിന്തുണക്കുന്നവരേയും നേരിടുകയാണ് പ്രധാനമെന്നും ഇരുനേതാക്കളും വ്യക്തമാക്കി.

”പുല്‍വാമയില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ ആക്രമണം മനുഷ്യത്വരഹിതവും ക്രൂരവുമാണ്. ഈ ഭീഷണിയെ ചെറുക്കാന്‍ ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്കു മേലുള്ള സമ്മര്‍ദ്ദം ശക്തമാക്കാന്‍ തീരുമാനിച്ചു” കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി പറഞ്ഞു.

ഭീകരവാദം എന്നത് രണ്ട് രാഷ്ട്രങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവെക്കുന്നതിലടക്കം ഇന്ത്യയുമായി സഹകരിക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സൗദി രാജകുമാരന്‍ പാക്കിസ്ഥാനില്‍ സന്ദര്‍ശം നടത്തിയിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

നിക്ഷേപം, ടൂറിസം, ഹൗസിങ്, വിവരസാങ്കേതികം, ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് അഞ്ച് കരാറിലാണ് ഇന്ത്യയും സൗദിയും ഇന്ന് ഒപ്പുവെച്ചത്. പ്രതിരോധ മേഖലയിലും സഹകരണം വര്‍ധിപ്പിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India saudi agree on need for increasing pressure on countries backing terror pm modi