ചെന്നൈ: ഇന്ത്യന്‍ വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന് അര്‍ധരാത്രി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ബ്രിട്ടീഷ ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളുമായാണ് ഇന്ത്യയുടെ അഭിമാന വാഹനം കുതിച്ചുയരുന്നത്. വണ്‍ വെബ് ഇന്ത്യ 1 എന്നു പേരിട്ടിട്ടുള്ള ദൗത്യത്തിലൂടെ 601 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെത്തിക്കുക.
ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും ഏറ്റവും വലുപ്പമേറിയതും ഏറ്റവും ഭാരവുമുള്ളതുമായ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 യെ ഇസ്രോ ആദ്യമായാണ് ഒരു വാണിജ്യ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. 36 ഉപഗ്രഹങ്ങള്‍ റോക്കറ്റില്‍ ഘടിപ്പിച്ച് വിക്ഷേപണത്തറയില്‍ എത്തിച്ചുകഴിഞ്ഞു. 5400 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. കൗണ്ട് ഡൗണ്‍ അര്‍ധരാത്രി 12.07 ന് തുടങ്ങി. അവസാനവട്ട തയ്യാറെടുപ്പുകള്‍ സൂക്ഷ്മശ്രദ്ധയോടെ പുരോഗമിക്കുകയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ഇന്ത്യയുടെ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ വാഹനം ജിഎസ്എല്‍വി മാര്‍ക് 3 യാണ്. ഭൂമിയോടടുത്ത ഭ്രമണപഥം ലക്ഷ്യമിടുന്നതുകൊണ്ട് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 എന്ന പേരിലാണ് ജിഎസ്എല്‍വി മാര്‍ക്ക് 3 ഈ ദൗത്യത്തില്‍ ഉപയോഗിക്കുക. ഭൂമിയോട് ഏറ്റവും ചേര്‍ന്നുള്ള ഭ്രമണപഥമാണു ലക്ഷ്യസ്ഥാനമെന്നതിനാല്‍ ഇസ്‌റോയുടെ ഫാറ്റ് ബോയെന്നും ബാഹുബലിയെന്നും വിളിപ്പേരുള്ള ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അധിക കുതിപ്പേകിയിരുന്ന വികാസ് എന്‍ജിന്‍ വണ്‍വെബ് ദൗത്യത്തിനുള്ള എല്‍എംവിഎം 3 വിക്ഷേപണ വാഹനത്തിലില്ല.
ഉപഗ്രഹത്തില്‍ നിന്ന് മൊബൈലിലേയ്ക്ക് നേരിട്ട് ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കമ്പനിയാണ് വണ്‍ വെബ്. ഇന്ത്യയില്‍ നിന്ന് ഭാരതീയ എയര്‍ടെല്ലിനു പങ്കാളിത്തമുള്ള കമ്പനിയാണ് വണ്‍ വെബ്. ഭൂമിയോട് ചേര്‍ന്നുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹ ശൃംഖല തീര്‍ത്ത് ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിയാണ് കമ്പനി ലക്ഷ്യമിടുന്നത്. 648 ഉപഗ്രഹങ്ങള്‍ ഭൂസ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കാനാണ് വണ്‍ വെബ് ലക്ഷ്യമിടുന്നത്. ഇതില്‍ 428 എണ്ണം ഇതിനകം വിക്ഷേപിച്ചുകഴിഞ്ഞു. റഷ്യയുടെ റോസ്‌കോസ്‌മോസിന്റെ സേവനമാണ് ഇതുവരെ അവര്‍ ഉപയോഗിച്ചിരുന്നത്. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയും ഇതര യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം വഷളായതോടെയാണ് വെബ് വണ്‍ ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യയുമായി കരാറുണ്ടാക്കിയത്.