scorecardresearch
Latest News

എണ്ണ, വളം എന്നിവയുടെ ഇറക്കുമതിയില്‍ വര്‍ധന; ഇന്ത്യ-റഷ്യ വ്യാപാരം റെക്കോര്‍ഡ് ഉയര്‍ച്ചയില്‍

റഷ്യ ഇപ്പോൾ ഇന്ത്യയുടെ ഏഴാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറി

എണ്ണ, വളം എന്നിവയുടെ ഇറക്കുമതിയില്‍ വര്‍ധന; ഇന്ത്യ-റഷ്യ വ്യാപാരം റെക്കോര്‍ഡ് ഉയര്‍ച്ചയില്‍

എണ്ണയുടെയും രാസവളങ്ങളുടെയും ഇറക്കുമതിയിലുണ്ടായ വര്‍ധനവില്‍, റഷ്യയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം ഈ സാമ്പത്തിക വർഷത്തിലെ (2022-23) അഞ്ച് മാസത്തിനുള്ളിൽ (ഏപ്രിൽ-ഓഗസ്റ്റ്) 18,229.03 മില്യൺ ഡോളറിന്റെ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. വാണിജ്യ വകുപ്പിന്റെ രേഖകള്‍ പ്രകാരമാണിത്.

ഇതിനു വിപരീതമായി, ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്തം വാർഷിക ഉഭയകക്ഷി വ്യാപാരം 2021-22 ൽ 13,124.68 മില്യൺ ഡോളറും 2020-21 ൽ 8,141.26 മില്യൺ ഡോളറുമാണ്. കോവിഡിന് മുമ്പ്, ഇത് 2019-20ൽ 10,110.68 മില്യൺ ഡോളറും 2018-19 ൽ 8,229.91 മില്യണും 2017-18ൽ 10,686.85 മില്യണുമായിരുന്നു.

വ്യാപാരത്തിൽ കുത്തനെയുണ്ടായ വര്‍ധനവോടെ, റഷ്യ ഇപ്പോൾ ഇന്ത്യയുടെ ഏഴാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറി. കഴിഞ്ഞ വർഷം 25-ാം സ്ഥാനത്തായിരുന്നു. യുഎസ് (57,632.37 ദശലക്ഷം ഡോളർ), ചൈന ($ 50,792.83 ദശലക്ഷം), യുഎഇ ($ 36,820.33 ദശലക്ഷം), സൗദി അറേബ്യ ($ 23,995 ദശലക്ഷം), ഇറാഖ് ($ 18,822.27 ദശലക്ഷം), ഇന്തോനേഷ്യ ($ 18,816.58 ദശലക്ഷം) എന്നിവയാണ് മറ്റ് ആറ് രാജ്യങ്ങള്‍.

ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിലെ മൊത്തം 18,229.03 മില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരത്തിൽ, റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 17,236.29 മില്യൺ ഡോളറാണ്. അതേസമയം ഇന്ത്യയില്‍ നിന്ന് റഷ്യയിലേക്കുള്ള കയറ്റുമതി 992.73 മില്യൺ ഡോളര്‍ മാത്രമാണ്. ഇത് 16,243.56 മില്യൺ ഡോളറിന്റെ വ്യാപാര ബാലൻസ് നെഗറ്റീവ് ആയി അവശേഷിക്കുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India russia trade soars to record high