ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിനാചരണ ചടങ്ങുകളിൽ വിദേശ ഭരണാധികാരികളെ മുഖ്യാതിഥിയാക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനം. കോവിഡ്-19 രോഗബാധയുടെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടി. 55 വർഷത്തിനിടെ ഇതാദ്യമായാണ് രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ മുഖ്യാതിഥിയില്ലാതെ സംഘിപ്പിക്കുന്നത്.

“ലോകത്താകെയുള്ള കോവിഡ് -19 വ്യാപനത്തിന്റെ സാഹചര്യം കാരണം ഈ വർഷം വിദേശ രാഷ്ട്രത്തലവനെ റിപ്പബ്ലിക് ദിന പരിപാടിയിൽ മുഖ്യാതിഥിയായിരിക്കില്ലെന്ന് തീരുമാനിച്ചു,” എന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read More: പോളിയോ തുള്ളിമരുന്ന് വിതരണ ദിനം ജനുവരി 31 ലേക്ക് മാറ്റി

ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘാഷത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ മുഖ്യാതിഥിയായി ക്ഷണിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇതിനായി ഇന്ത്യയിലെത്താൻ സാധിക്കില്ലെന്നും അതിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിൽ ബോറിസ് ജോൺസൺ വ്യക്തമാക്കി. ഇതേതുടർന്ന് മുഖ്യാതിഥിയെ ക്ഷണിക്കാതെ റിപ്പബ്ലിക്ക് ദിനാചരണ ചടങ്ങുകൾ നടത്തുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി ഈ മാസം ഏഴിന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനത്തെത്തുടർന്ന് ബ്രിട്ടണിൽ പുതുതായി ദേശവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ത്യാ സന്ദർശനത്തിൽ നിന്നുള്ള ബോറിസ് ജോൺസന്റെ പിൻമാറ്റം.

Read More: 30 ദിവസത്തെ നോട്ടീസ് നിര്‍ബന്ധമല്ല; സ്പെഷൽ മാര്യേജ് ആക്ടിൽ സുപ്രധാന വിധി

1966 ലാണ് രാജ്യത്ത് ഏറ്റവും ഒടുവിൽ മുഖ്യാതിഥിയില്ലാതെ റിപ്പബ്ലിക്ക് ദിന പരിപാടികൾ നടന്നത്. അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ അകാല നിര്യാണത്തെത്തുടർന്നായിരുന്നു സാഹചര്യങ്ങൾ കാരണമായിരുന്നു അത്. ഹാദൂർ ശാസ്ത്രിയുടെ മരണശേഷം ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ 1966 ജനുവരി 24 ന് റിപ്പബ്ലിക് ദിനാഘോഷത്തിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കേയാണ് അന്ന് അധികാരമേറ്റത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം റിപ്പബ്ലിക് ദിനാഘോഷങ്ങൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളും വെട്ടിക്കുറച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook