ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ എണ്ണായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ പുതിയ 8,822 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സജീവ കേസുകളുടെ എണ്ണം 53,637 ആയി.
ഡൽഹിയിലും മുംബൈയിലും വീണ്ടും കേസുകൾ ഉയർന്നിട്ടുണ്ട്. ഡൽഹിയിൽ 1,118 കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത് മേയ് 10ന് ശേഷമുള്ള ഏറ്റവും ഉയർന്ന രോഗബാധയാണിത്. എന്നാൽ പോസിറ്റിവിറ്റി നിരക്കിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച 7.06 ശതമാനമായിരുന്നത് ഇന്നലെ 6.50 ശതമാനമായി കുറഞ്ഞു.
മുംബൈയിൽ 1,724 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തതിൽ നിന്ന് 600 കേസുകളുടെ വർധനവാണ് ഉണ്ടായത്.
കേരളത്തിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്നലെ വീണ്ടും മൂവായിരം കടന്നു. ഒരാഴ്ചയായി രണ്ടായിരത്തിൽ തുടർന്നിരുന്ന കേസുകൾ ഇന്നലെ 3,488 ആയി ഉയർന്നു. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്നത് കേരളത്തിലാണ്. 18000 മുകളിലാണ് ചകിത്സയിൽ കഴിയുന്നവരുടെ എണ്ണം.
എറണാകുളത്താണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 987 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം (620), കോട്ടയം (471), കോഴിക്കോട് (281) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ രോഗബാധിതരുടെ എണ്ണം. 14 നു മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്.
Also Read: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്