ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,013 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിവാര കേസുകളുടെ ശരാശരി പന്ത്രണ്ടായിരമായി ചുരുങ്ങി.
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,675 പേർ രോഗമുക്തി നേടി. കോവിഡ് കാരണം 119 മരണമാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ മഹാമാരിയില്‍ ജീവന് നഷ്ടമായവര്‍ 5,13,843 ആയി.
മൂന്നാം തരംഗം ഏറ്റവും രൂക്ഷമായി തുടര്‍ന്ന കേരളത്തിലാണ് നിലവില്‍ സജീവ കേസുകളുടെ നല്ലൊരു ശതമാനവും. 30,745 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. എന്നാൽ പ്രതിദിന കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് കേരളത്തിലും സംഭവിക്കുന്നത്. ഇന്നലെ 2524 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമായി.
അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി നാല് ലക്ഷം വാക്സിന് ഡോസുകള്‍ മാത്രമാണ് ഇന്നലെ വിതരണം ചെയ്തത്. ഇതുവരെ 177 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.