ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നലത്തേതിൽ നിന്ന് നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിൽ 3,275 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 55 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 19,719 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,010 പേർ രോഗമുക്തി നേടി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.77 ആണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.78 ശതമാനമാണ്.
ഡൽഹിയിൽ പ്രതിദിന രോഗികളുടെ എണ്ണം 1000ന് മുകളിൽ തുടരുകയാണ്. ഇന്നലെ മാത്രം 1,354 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 7.64 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. അതിനിടെ, മുംബൈയിലെ ധാരാവിയിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ വലിയ രോഗവ്യാപനത്തിന് കാരണമായ ആളുകൾ തിങ്ങി പാർക്കുന്ന ധാരാവിയിൽ മാർച്ച് 17ന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ആദ്യ കേസാണിത്.
അതേസമയം, രോഗവ്യാപനം രൂക്ഷമായ ചൈനയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തലസ്ഥാനമായ ബീജിങ്ങിൽ സ്‌കൂളുകൾ, റെസ്റ്റോറന്റുകൾ, എന്നിവയ്‌ക്ക് പുറമെ നിരവധി മെട്രോ സ്റ്റേഷനുകളും അടച്ചുപൂട്ടി. കോവിഡ് പരിശോധനകൾ വർധിപ്പിക്കുകയും സ്‌കൂളുകൾ തുറക്കുന്നത് മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.
Also Read: 2020ലെ മരണങ്ങളിൽ 45% വൈദ്യസഹായം ലഭിക്കാത്തവ; എക്കാലത്തെയും ഉയർന്ന കണക്ക്