ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം പൂര്‍ണമായി ശമിക്കുന്നതായി സൂചന. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,409 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിവാര കേസുകളുടെ ശരാശരി അരലക്ഷമായി ചുരുങ്ങി. രോഗവ്യാപന നിരക്ക് 2.2 ശതമാനമാണ്.
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4.23 ലക്ഷമാണ്. 82,817 അസുഖബാധിതര്‍ രോഗമുക്തി നേടി. 347 മരണമാണ് കോവിഡ് മൂലം ഇന്നലെ രാജ്യത്ത് സംഭവിച്ചത്. ഇതോടെ മഹാമാരിയില്‍ ജീവന്‍ നഷ്ടമായവര്‍ 5,09,011 ആയി.
രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടര്‍ന്ന കേരളത്തിലാണ് നിലവില്‍ അധിക സജീവ കേസുകള്‍ കൂടുതല്‍. 1.45 ലക്ഷം പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരായിട്ടുള്ളത്. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ കേസുകള്‍ അരലക്ഷത്തിന് താഴെയാണ്.
അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 44.68 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 173.42 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.
Also Read: കോഴിക്കോട് ടിപ്പറും വാനും കൂട്ടിയിടിച്ച് മൂന്ന് മരണം; 11 പേര്‍ക്ക് പരുക്ക്