scorecardresearch
Latest News

രാജ്യത്ത് 26,041 പേര്‍ക്ക് കോവിഡ്, 276 മരണം; സജീവ കേസുകള്‍ കുറയുന്നു

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2.99 ലക്ഷമായി കുറഞ്ഞു

Covid, Vaccine

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 26,041 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 29,621 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.78 ശതമാനമായി വര്‍ധിച്ചു. ഇതുവരെ 3.29 കോടി പേരാണ് മഹാമാരിയില്‍ നിന്നും മുക്തി നേടിയത്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2.99 ലക്ഷമായി കുറഞ്ഞു. 191 ദിവസത്തിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. രോഗവ്യാപനം തുടരുന്ന കേരളത്തില്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. ഞായറാഴ്ച 15,951 പേര്‍ക്കാണ് രോഗം ബാധിച്ചത്.

276 മരണവും രാജ്യത്ത് ഇന്നലെ കോവിഡ് മൂലം സംഭവിച്ചു. ഇതോടെ മഹാമാരിയില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 4.47 ലക്ഷമായി ഉയര്‍ന്നു. കേരളത്തില്‍ തന്നെയാണ് മരണ സംഖ്യയും കൂടുതല്‍. സംസ്ഥാനത്ത് ഇന്നലെയും കോവിഡ് മരണം 150 കടന്നു.

അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്ത വാക്സിനുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. ഇന്നലെ 38.18 ലക്ഷം വാക്സിന്‍ മാത്രമാണ് നല്‍കിയത്. രാജ്യത്ത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 86 കോടി കവിഞ്ഞു.

Also Read: കര്‍ഷകരുടെ ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം; കേരളത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India reports 26041 covid cases and 276 deaths