ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,487 പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം പ്രതിദിന കേസുകള്‍ 2,858 ആയിരുന്നു. പ്രതിവാര ശരാശരി 2,773 ആയും താഴ്ന്നു.
വിവധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 17,692 ആയി, കഴിഞ്ഞ വാരം സജീവ കേസുകള്‍ 20,000 കടന്നിരുന്നു. 2,878 പേര് രോഗമുക്തി നേടുകയും ചെയ്തു. 13 മരണമാണ് മഹാമാരി മൂലം ഇന്നലെ സംഭവിച്ചത്.
ഡല്‍ഹിയില്‍ തന്നെയാണ് രോഗവ്യാപനം കൂടുതല്‍. 3,936 പേരാണ് രാജ്യതലസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. കേരളം (3,393), ഹരിയാന (1,952), ഉത്തര്‍ പ്രദേശ് (1,174), കര്‍ണാടക (1,868), മഹാരാഷ്ട്ര (1,439) എന്നിവിടങ്ങളാണ് രോഗികള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍.