ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.47 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ കേസുകളില്‍ 27 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
84,825 പേര്‍ മഹാമാരിയില്‍ നിന്ന് രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11.17 ലക്ഷമായി ഉയര്‍ന്നു. രാജ്യത്തെ രോഗവ്യാപന നിരക്ക് 13.11 ശതമാനമായി വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
380 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ഇന്നലെ ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 4.85 ലക്ഷമായി ഉയര്‍ന്നു. 76.32 ലക്ഷം കോവിഡ് വാക്സിനാണ് ബുധനാഴ്ച സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തത്.
രോഗവ്യാപനം നിയന്ത്രണാതീതമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം നാലരയ്ക്കാണ് യോഗം. കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലെ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി പങ്കുവയ്ക്കും.
കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് മരണനിരക്കും കുത്തനെ ഉയരുകയാണ്. മഹാരാഷ്ട്രയിലാണ് രോഗബാധിതര്‍ കൂടുതല്‍. ഇന്നലെ മാത്രം 46, 723 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ രോഗവ്യാപന നിരക്ക് 26 ശതമാനമായി ഉയര്‍ന്നതും ആശങ്കയാണ്. അതേസമയം രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 5,488 ആയി.
Also Read: ഒമിക്രോണ്‍: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ക്ക് സാധ്യത; നാളെ കോവിഡ് അവലോകന യോഗം