ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 18,795 പേര്‍ക്ക് കോവിഡ് ബാധിച്ചു. 201 ദിവസത്തിന് ശേഷമാണ് പുതിയ രോഗികള്‍ ഇരുപതിനായിരത്തില്‍ താഴെ എത്തുന്നത്. 26,030 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ രോഗമുക്തി നിരക്ക് 97.81 ശതമാനമായി ഉയര്‍ന്നു. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന കണക്കാണിത്. വിവിധ സംസ്ഥാനങ്ങളിലായി 2.92 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 192 ദിവസത്തിനിടയില്‍ ആദ്യമായാണ് സജീവ കേസുകള്‍ ഇത്രയും കുറയുന്നത്.
179 മരണമാണ് ഇന്നലെ കോവിഡ് മൂലം രാജ്യത്ത് സംഭവിച്ചത്. മഹാമാരിയില്‍ ജീവന് നഷ്ടമായവരുടെ ആകെ എണ്ണം 4.47 ലക്ഷമാണ്. കേരളത്തിലും (58) മഹാരാഷ്ട്രയിലുമാണ് (32) കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, വാക്സിന് വിതരണത്തില്‍ തിങ്കളാഴ്ച വര്‍ധനവ് രേഖപ്പെടുത്തി. 1.02 കോടി ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തത്. രാജ്യത്ത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 87 കോടി കവിഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.