ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ 12,213 കേസുകൾ റിപ്പോർട്ട്ചെയ്തു. മൂന്ന് മാസത്തിന് ശേഷമാണ് രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിൽ എത്തുന്നത്.
കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കേസുകളിൽ നിന്ന് 40 ശതമാനമാനത്തിന്റെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ സജീവ രോഗികളുടെ എണ്ണം 58,215 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.35 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.38 ശതമാനവുമാണ്.
കേരളം, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 4,042 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ പകുതിയും മുംബൈയിൽ ആണ്. ഡൽഹിയിൽ 1,375 കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്.
കേരളത്തിൽ ഇന്നലെ 3,419 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ മൂവായിരം കടക്കുന്നത്. എട്ട് മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
എറണാകുളത്താണ് കേസുകൾ കുതിച്ചുയരുന്നത്. ജില്ലയില്‍ മാത്രം 1,072 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം 604, കൊല്ലം 199, പത്തനംതിട്ട 215, ആലപ്പുഴ 173, കോട്ടയം 381, ഇടുക്കി 67, തൃശൂര്‍ 166, പാലക്കാട് 68, മലപ്പുറം 75, കോഴിക്കോട് 296, വയനാട് 36, കണ്ണൂര്‍ 43, കാസര്‍ഗോഡ് 24 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍. 18,345 സജീവ കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.
Also Read: യുപി സർക്കാരിന്റെ പൊളിക്കൽ നടപടിക്കെതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും