ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും പതിനായിരം കടന്നു. 24 മണിക്കൂറിനുള്ളിൽ 11,109 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 236 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. സജീവ കേസുകൾ 49,622 ആയി ഉയർന്നു. 29 മരണങ്ങളോടെ മരണസംഖ്യയും 5,31,064 ആയി.
ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേർ വീതവും ഛത്തീസ്ഗഢ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതവും ഹിമാചൽ പ്രദേശ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പുതുച്ചേരി, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണവുമാണ് റിപ്പോർട്ട് ചെയ്തത്.
പോസിറ്റിവിറ്റി നിരക്കും വർധനയുണ്ടായിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.29 ശതമാനവുമാണ്. രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 4.47 കോടിയായി (4,47,97,269). ഇപ്പോൾ സജീവമായ കേസുകൾ മൊത്തം അണുബാധകളുടെ 0.11 ശതമാനമാണ്.
അതേസമയം, ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.70 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയ വെബ്‌സൈറ്റിൽ പറയുന്നു. രോഗം ഭേദമായവരുടെ എണ്ണം 4,42,16,586 ആയി ഉയർന്നു, കേസുകളിലെ മരണനിരക്ക് 1.19 ശതമാനമായി രേഖപ്പെടുത്തി.