ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 10,158 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സജീവമായ കേസുകളുടെ എണ്ണം വ്യാഴാഴ്ച രാവിലെ വരെ 44,998 ആണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ ആഴ്‌ചയിൽ രാജ്യത്ത് ശരാശരി 5,555 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിന് മുൻപുള്ള ആഴ്ച ഇത് 3,108 ആയിരുന്നു.
കോവിഷീൽഡ് വാക്‌സിൻ നിർമ്മാണം പുനരാരംഭിച്ചതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനവാല അറിയിച്ചു. കോവോവാക്‌സ് വാക്‌സിന്റെ ആറ് ദശലക്ഷം ബൂസ്റ്റർ ഡോസുകൾ ലഭ്യമാണെന്നും മുതിർന്നവർ നിർബന്ധമായും ബൂസ്റ്റർ ഷോട്ട് എടുക്കണമെന്നും അദർ പറഞ്ഞു.
ഇപ്പോൾ സജീവമായ കേസുകൾ മൊത്തം അണുബാധകളുടെ 0.10 ശതമാനമാണ്. അതേസമയം, ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.71 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയ വെബ്‌സൈറ്റിൽ പറയുന്നു. കേസിലെ മരണനിരക്ക് 1.19 ശതമാനമായി രേഖപ്പെടുത്തി. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ വിവരമനുസരിച്ച്, രാജ്യവ്യാപകമായ വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്‌സിൻ നൽകിയിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള 36,592 ആരോഗ്യ കേന്ദ്രങ്ങളിൽ ഐസൊലേഷൻ, ഓക്‌സിജൻ, ഐസിയു ബെഡുകളുടെ 90 ശതമാനവും കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി തയ്യാറാണെന്ന് രണ്ട് ദിവസത്തെ മോക്ക് ഡ്രില്ലിന് ശേഷം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റയിൽ പറയുന്നു.
നിലവിൽ 2.18 ലക്ഷം ഐസൊലേഷൻ ബെഡുകളും 3.04 ലക്ഷം ഓക്‌സിജൻ ബെഡുകളും 54,400 വെന്റിലേറ്ററുകളുമുള്ള ഐസിയു ബെഡുകളും ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
കേന്ദ്രങ്ങളിൽ ഉടനീളം ലഭ്യമായ 11,344 പ്രഷർ സ്വിങ് അഡ്‌സോർപ്ഷൻ ഓക്‌സിജൻ പ്ലാന്റുകളിൽ 86.6% പ്രവർത്തനക്ഷമമാണെന്നും ഡാറ്റയിൽ കാണിക്കുന്നു. 6.85 ലക്ഷം ഓക്‌സിജൻ സിലിണ്ടറുകളും 2.61 ലക്ഷം ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും പ്രവർത്തനക്ഷമമാണ്.