ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് യുക്രൈനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളുടെ വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കി. യുക്രൈനിലുള്ള ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്ന് വ്യോമയാന മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. റഷ്യ-യുക്രൈന്‍ സംഘര്‍ഷ സാധ്യത പരിഗണിച്ച് പൗരന്മാരോട് താത്കാലികമായി യുക്രൈന്‍ വിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
കോവിഡ് സാഹചര്യത്തിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് താത്കാലികമായി നീക്കിയിരിക്കുന്നത്. ഇന്ത്യ-യുക്രൈന്‍ വിമാന സര്‍വീസുകള്‍ക്കും, സീറ്റുകളുടെ എണ്ണത്തിലുമായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇനി മുതല്‍ ചാർട്ടേഡ് ഫ്ലൈറ്റുകൾ ഉൾപ്പെടെ എത്ര വിമാനങ്ങളും ഇരു രാജ്യങ്ങൾക്കുമിടയിൽ സര്‍വീസ് നടത്താമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
യുക്രൈനിലെ സാഹചര്യം പരിഗണിച്ച് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുന്നത് പരിശോധിക്കാൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിമാന സർവീസുകൾ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയവുമായി (എംഇഎ) ചേര്‍ന്ന് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
യുക്രൈനില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് കീവിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. “വിമാന സര്‍വീസുകള്‍ ലഭ്യമല്ലാത്ത വിവരം എംബസിക്ക് ലഭിച്ചു. ആരും പരിഭ്രാന്തരാകരുത്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനായി നിലവില്‍ ലഭ്യമായ വിമാനങ്ങള്‍ ബുക്ക് ചെയ്യുക,” എംബസി പ്രസ്താവനയില്‍ പറഞ്ഞു.
യുക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, എയര്‍ അറേബ്യ, ഫ്ലൈ ദുബായ്, ഖത്തര്‍ എയര്‍വെയ്സ് എന്നിവ യുക്രൈനില്‍ നിന്ന് വിമാന സര്‍വീസ് നടത്തുന്നുണ്ടെന്നും എംബസി അറിയിച്ചു.
Also Read: ആലപ്പുഴ കൊലപാതകത്തിന് പിന്നില്‍ സിപിഎം; ആരോപണവുമായി ബിജെപി