ന്യൂഡൽഹി: പാക്കിസ്ഥാനിൽ പതിച്ചത് ഇന്ത്യൻ മിസൈൽ എന്ന് സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം. ഇന്ത്യൻ ൽ 124 കിലോമീറ്റർ അകലെ പാക്കിസ്ഥാൻ പതിച്ചത് അബദ്ധത്തിലാണെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും അന്വേഷണത്തിന് ഉത്തരവിട്ടതായും കേന്ദ്രസർക്കാർ അറിയിച്ചു.
മാർച്ച് ഒൻപതിന് അറ്റകുറ്റപണികൾക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് മിസൈൽ വിക്ഷേപണത്തിന് കാരണമെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു. ”പാക്കിസ്ഥാനിലെ ഒരു പ്രദേശത്താണ് മിസൈൽ പതിച്ചതെന്നാണ് വിവരം. സംഭവം അങ്ങേയറ്റം ഖേദകരമാണെങ്കിലും, അപകടത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നതും ആശ്വാസകരമാണ്,” കുറിപ്പിൽ പറഞ്ഞു. സംഭവം ഗൗരവപരമായാണ് ഇന്ത്യ കാണുന്നതെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും സർക്കാർ വ്യക്തമാക്കി.
ഇന്ത്യൻ സൂപ്പർസോണിക് മിസൈൽ സിർസയിൽ നിന്ന് പറന്നുയർന്ന് പാക് അതിർത്തിയിൽ 124 കിലോമീറ്റർ അകലെ ഖനേവാൾ ജില്ലയിലെ മിയാൻ ചന്നുവിനു സമീപം പതിച്ചതായി പാക്കിസ്ഥാൻ സൈനിക വക്താവ് മേജർ ജനറൽ ബാബർ ഇഫ്തിഖർ വ്യാഴാഴ്ച വൈകുന്നേരം വാർത്താസമ്മേളനത്തിൽ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ പ്രസ്താവന. സംഭവത്തിൽ പാക്കിസ്ഥാൻ വെള്ളിയാഴ്ച ഇന്ത്യൻ പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിക്കുകയും സുതാര്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യയിലെ സിർസയിൽ നിന്ന് വൈകുന്നേരം 6.03 ഓടെയാണ് മിസൈൽ പറന്നുയർന്നത്. തുടക്കത്തിൽ ഇന്ത്യയുടെ മഹാജൻ ഫീൽഡ് ഫയറിംഗ് ബേസുകളിലേക്കാണ് നീങ്ങിയത്, എന്നാൽ ഏകദേശം 70 മുതൽ 80 കിലോമീറ്റർ വരെ സഞ്ചരിച്ച ശേഷം, ദിശ മാറി വടക്ക് പടിഞ്ഞാറ് പാക്കിസ്ഥാൻ വ്യോമാതിർത്തിയിലേക്ക് നീങ്ങുകയായിരുന്നു. ഏതുതരം മിസൈലാണ് ഇതെന്ന് ഇന്ത്യയോ പാക്കിസ്ഥാനോ വ്യക്തമാക്കിയിട്ടില്ല.
Read More: കോൺഗ്രസിന്റെ ‘കൈ’ ചോർന്നതിന് പിന്നിൽ; തിരഞ്ഞെടുപ്പ് ഫലങ്ങൾ അർത്ഥമാക്കുന്നത്