ന്യൂഡല്‍ഹി: വിദേശത്തേക്ക് യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും പൗരന്മാര്‍ക്കും കരുതല്‍ ഡോസ് ഉടന്‍ തന്നെ എടുക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ചെല്ലുന്ന വിദേശരാജ്യത്തിന്റെ മാനദണ്ഡപ്രകാരം വാക്സിനെടുക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. കോവിന്‍ പോര്‍ട്ടലില്‍ പുതിയ സംവിധാനം ലഭ്യമാകുമെന്നും മന്ത്രാലയം അറിയിച്ചു.
നിലവില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് കരുതൽ ഡോസ് സ്വകാര്യ വാക്സിന്‍ കേന്ദ്രങ്ങള്‍ വഴിയാണ് ലഭ്യമാക്കുന്നത്. എന്നിരുന്നാലും, നിലവിലെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് രണ്ടാമത്തെ ഡോസ് എടുത്ത് ഒമ്പത് മാസം പൂർത്തിയാക്കിയവര്‍ക്ക് മാത്രമേ കരുതൽ ഡോസ് സ്വീകരിക്കാന്‍ സാധിക്കുകയുള്ളു.
ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ തീരുമാനത്തോടെ വിദേശത്ത് യാത്ര ചെയ്യുന്നവര്‍ക്ക് കരുതല്‍ ഡോസ് സ്വീകരിക്കാന്‍ ഒന്‍പത് മാസം കാത്തിരിക്കേണ്ടതില്ല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 18 നും 60 നും ഇടയില്‍ പ്രായമുള്ള 12.21 ലക്ഷം പേര്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്ന് കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുണ്ട്.
ഇതിനുപുറമെ, മുന്‍ഗണന ഗ്രൂപ്പിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിങ്ങനെ 3.89 കോടി പേരും കരുതല്‍ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. മുൻഗണനാ വിഭാഗത്തിനുള്ള കരുതൽ ഡോസ് സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സൗജന്യമായി ലഭ്യമാണ്.
Also Read: രാജീവ് കുമാർ അടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ; മേയ് 15ന് ചുമതലയേൽക്കും