ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 78 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2020 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണ സംഖ്യയാണിത്.
രാജ്യത്തെ റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന രോഗികളുടെ എണ്ണത്തിലും വലിയ കുറവാണ് തുടർച്ചയായി ഉണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,059 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നത് രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നുവെന്ന സൂചനയാണ് നൽകുന്നത്.
Read More: കോവിഡ് കൂടാൻ കാരണം പരിശോധന കുറഞ്ഞതെന്ന് കേന്ദ്രസംഘം
ഇതുവരെ 1,05,22,601 പേരാണ് രോഗം ഭേദമായി ആശുപത്രിവിട്ടത്. 24 മണിക്കൂറിനിടെ 11,805 പേർ കൊറോണ മുക്തരായി ആശുപത്രി വിട്ടു. നിലവിൽ 1,48,766 പേരാണ് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്.
പുതിയ കേസുകളിൽ ഭൂരിഭാഗവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. യഥാക്രമം 5,942, 2,768 പുതിയ കേസുകൾ കണ്ടെത്തി. 3,349 കേസുകൾ മാത്രമാണ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമായി ശനിയാഴ്ച 2.2 ലക്ഷത്തിലധികം ആരോഗ്യ സംരക്ഷണ, മുൻനിര തൊഴിലാളികൾക്ക് വാക്സിനേഷൻ നൽകി. നിലവിൽ 56 ലക്ഷത്തിലധികം ‘കൊറോണ യോദ്ധാക്കൾക്ക്’ കൊറോണ വൈറസ് വാക്സിൻ ലഭിച്ചു.
ഏഴ് കോവിഡ് -19 വാക്സിനുകൾ കൂടി വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ അറിയിച്ചു. ഇന്ത്യയിലെ ഓരോ പൗരനും കുത്തിവയ്പ് നൽകുന്നതിനായി കൂടുതൽ വാക്സിൻ വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
“രണ്ട് വാക്‌സിനുകളെ മാത്രം ആശ്രയിച്ച് ഞങ്ങൾ നിൽക്കുന്നില്ല, രാജ്യം ഏഴ് തദ്ദേശീയ വാക്‌സിനുകൾക്കായി പ്രവർത്തിക്കുന്നു. അതോടൊപ്പം, കൂടുതൽ വാക്സിനുകൾ വികസിപ്പിക്കുന്നതിനും ഞങ്ങൾ ശ്രമിക്കുന്നു, കാരണം ഇന്ത്യ ഒരു വലിയ രാജ്യമാണ്, എല്ലാവരിലേക്കും എത്തിച്ചേരാൻ ഞങ്ങൾക്ക് കൂടുതൽ വാക്സിനുകളും ഗവേഷണവും ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു.