ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ 7,830 പേരാണ് രോഗബാധിതരായത്. 223 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 40,215 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നു.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,31,016 ആയി. 16 മരണങ്ങളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. ഡൽഹി, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ 2 പേർ വീതവും ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഓരോ മരണവുമാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ അഞ്ച് മരണമാണ് റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 4.47 കോടിയായി (4,47,76,002) ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ 1ന് രാജ്യത്ത് 7,946 കോവിഡ് കേസുകളുടെ ഒരു ദിവസത്തെ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു.
ഇപ്പോൾ സജീവമായ കേസുകൾ മൊത്തം അണുബാധകളുടെ 0.09 ശതമാനമാണ്. അതേസമയം, ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.72 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയ വെബ്‌സൈറ്റിൽ പറയുന്നു. രോഗം ഭേദമായവരുടെ എണ്ണം 4,42,04,771 ആയി ഉയർന്നു, കേസിലെ മരണനിരക്ക് 1.19 ശതമാനമായി രേഖപ്പെടുത്തി.
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ വിവരമനുസരിച്ച്, രാജ്യവ്യാപകമായ വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്‌സിൻ നൽകിയിട്ടുണ്ട്. കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.