ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ 3,824 പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 18,389 ആയി വര്‍ധിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 4,953 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര (3,324), ഗുജറാത്ത് (2,294), ഡല്‍ഹി (1,216), ഹിമാചല്‍ പ്രദേശ് (1,196), തമിഴ്നാട് (836) എന്നീ സംസ്ഥാനങ്ങളിലും രോഗബാധിതര്‍ വര്‍ധിക്കുന്നുണ്ട്.
പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 2.87 ശതമാനമാണ്. പ്രതിവാര നിരക്ക് 2.24 ശതമാനവും. 1,784 പേര്‍ ഇന്നലെ കോവിഡില്‍ നിന്നും രോഗമുക്തി നേടി. നാല് കോവിഡ് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി, ഹരിയാന, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് മരണങ്ങള്‍.