Coronavirus News Updates: ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2,067 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തേതിൽ നിന്ന് ഇരട്ടിയിലധികം കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കേസുകളുടെ എണ്ണത്തിൽ 66 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. 40 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ 12,340 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം, കേന്ദ്രഭരണ പ്രദേശമായ ഡൽഹി എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ, കോവിഡ് മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ ഈ സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചു. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കാനും കോവിഡ് ആശങ്ക നിലനിൽക്കുന്ന മേഖലകളിൽ നിരീക്ഷണം കർശനമാക്കാനും മുൻകൂർ നടപടി സ്വീകരിക്കാനും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ചൊവ്വാഴ്ച നിർദേശിച്ചു.
അതേസമയം, ഡൽഹിയിലെ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, നിലവിലുള്ള സാഹചര്യം ചർച്ച ചെയ്യാൻ ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) ഇന്ന് യോഗം ചേരുമെന്നും പൊതുസ്ഥലങ്ങളിൽ മുഖംമൂടി ധരിക്കാത്തതിന് പിഴ ഈടാക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ ഡൽഹിയിൽ 632 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്, പോസിറ്റിവിറ്റി നിരക്ക് തിങ്കളാഴ്ചത്തെ 7.72 ശതമാനത്തിൽ നിന്ന് 4.42 ശതമാനമായി കുറഞ്ഞു. മഹാരാഷ്ട്രയിൽ 137 പുതിയ കോവിഡ് കേസുകളും മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
Also Read: കോവിഡ് കണക്കുകള്‍ നല്‍കിയില്ലെന്ന വാദം തെറ്റ്, കേന്ദ്രത്തിന് നൽകുന്നുണ്ട്: മന്ത്രി വീണാ ജോര്‍ജ്