ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്രെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ രാജ്യത്തെ ട്രെയിൻ ഗതാഗതമുൾപ്പടെ എല്ലാ സർവീസുകളും തടസപ്പെട്ടിരുന്നു. റെയിൽവേ ചരക്കു സർവീസുകൾ മാത്രമാണ് നടത്തിയിരുന്നത്. 21 ദിവസത്തെ ലോക്ക്ഡൗൺ ഏപ്രിൽ 14ന് അവസാനിക്കുമ്പോൾ ട്രെയിൻ ഗതാഗതം പുനരാരംഭിക്കാമെന്ന കണക്ക് കൂട്ടലിലാണ് റെയിൽവേ.

ഇത് സംബന്ധിച്ച സർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണ് റെയിൽവേ ബോർഡ്. എന്നാൽ അതിന് മുമ്പ് ട്രെയിൻ ഗതാഗതം ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കി മന്ത്രാലയത്തിന് സമർപ്പിക്കാൻ വിവിധ മേഖലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പല ഘട്ടങ്ങളിലായി മാത്രമേ ട്രെയിൻ ഗതാഗതം പൂർവ്വ സ്ഥിതിയിലാകൂ.

Also Read: കോവിഡ് ബാധിച്ച യുവതി ആൺകുഞ്ഞിനെ പ്രസവിച്ചു; രാജ്യത്ത് ആദ്യം

ട്രെയിൻ ഗതാഗതത്തിന്റെ പുനഃസ്ഥാപനത്തിന് സജ്ജമാകണമെന്ന നിർദേശം ലഭിച്ചതായി മേഖലകളിലുള്ളവർ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. സാധാരണ സർവീസുകൾ 25 ശതമാനത്തിൽ തുടങ്ങി 50 ശതമാനം വരെ എത്തിക്കാൻ ദക്ഷിണ മേഖല ഉൾപ്പടെ തയ്യാറാണെന്ന് മന്ത്രാലയത്തെ അറിയിക്കും. അതേസമയം, പൂർവ സ്ഥിതിയിൽ ഉടനെ ട്രെയിൻ ഗതാഗതം സാധ്യമാകുന്ന തരത്തിൽ ചർച്ചകളൊന്നും പുരോഗമിക്കുന്നില്ല.

Also Read: ചാൾസ് രാജകുമാരന്റെ കോവിഡ് മാറ്റിയത് ആയുർവേദമെന്ന് കേന്ദ്രമന്ത്രി; തള്ളി ബ്രിട്ടൻ

12,000ത്തോളം ട്രെയിനുകളിലായി 2.3 കോടിയോളം ആളുകളാണ് പ്രതിദിനം യാത്ര ചെയ്യുന്നത്. വടക്കു-കിഴക്കിനെ രാജ്യത്തിന്റെ തെക്കേയറ്റവുമായി ബന്ധിപ്പിക്കുന്ന വിവേക് എക്‌സ്പ്രസായിരുന്നു ലോക്ക്ഡൗണിനെ തുടർന്ന് ഇന്ത്യയില്‍ ഏറ്റവും അവസാനമായി സർവീസ് നിർത്തിയത്. അതൊരു കറുത്ത ചരിത്രത്തിലെ ഏടുകൂടിയായി. സ്വതന്ത്ര ഇന്ത്യയില്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും നിലച്ച നിമിഷമായിരുന്നു അത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook