റോം: അടുത്ത വർഷം അവസാനത്തോടെ 500 കോടി ഡോസ് കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും, പ്രത്യേകിച്ചു വികസ്വര രാജ്യങ്ങളിൽ നിലനിൽക്കുന്ന വാക്‌സിൻ അസമത്വം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജി20 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവാക്‌സിൻ അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി അതിവേഗം ലഭിക്കുന്നത് മറ്റു രാജ്യങ്ങളെ സഹായിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സുഖകരമാകുമെന്നും ആഗോള സമ്പദ്‌വ്യവസ്ഥയെയും ആഗോള ആരോഗ്യത്തെയും കുറിച്ചുള്ള ആദ്യ സെഷനിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
അന്താരാഷ്‌ട്ര യാത്രകൾ സുഗമമാക്കുന്നതിനെ കുറിച്ചും വാക്‌സിൻ സർട്ടിഫിക്കേഷന് പരസ്‌പരം അംഗീകാരം നൽകുന്നതിനുള്ള സംവിധാനത്തെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു. വാക്‌സിൻ ഗവേഷണം, നിർമ്മാണം, നവീകരണം എന്നിവയെ സംബന്ധിച്ചും പ്രധാനമന്ത്രി സംസാരിച്ചു.
പ്രതിരോധ ശേഷിയുള്ള ആഗോള വിതരണ ശൃംഖലകളുടെ ആവശ്യകത ചൂണ്ടിക്കാണിച്ച മോദി, സാമ്പത്തിക പ്രതിസന്ധിമറികടക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യയെയും പങ്കാളികളാകണമെന്നും പറഞ്ഞു.
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രണും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗുമായും പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തി. ഫ്രഞ്ച് പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ഇന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ക്ഷണിച്ച സപ്ലൈ ചെയിൻ റെസിലിയൻസ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയും സംബന്ധിച്ച ചർച്ചയിലും പങ്കെടുക്കും.
സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായും അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. ജി-20 ക്ക് ശേഷം ഗ്ലാസ്‌ഗോയിൽ നടക്കുന്ന സിഒപി 26 ഉച്ചകോടിക്കായി മോദി പുറപ്പെടും.