scorecardresearch
Latest News

ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ; കഴിഞ്ഞ വര്‍ഷം 1.56 ശതമാനം വര്‍ധനവ്‌

ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും അല്ലെങ്കില്‍ 68 ശതമാനവും 15 നും 64 നും ഇടയില്‍ പ്രായമുള്ളവരാണ്.

population India, UN

ന്യൂഡൽഹി: കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ജനസംഖ്യ 1.56 ശതമാനം വര്‍ധിച്ച് 142.86 കോടിയിലെത്തിയതായി യുഎന്‍ ജനസംഖ്യ റിപ്പോര്‍ട്ട്. ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും അല്ലെങ്കില്‍ 68 ശതമാനവും 15 നും 64 നും ഇടയില്‍ പ്രായമുള്ളവരാണ്. യുഎന്‍എഫ്പിഎ യുടെ സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷന്‍ (എസ്ഡബ്ല്യുപി) റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഇക്കാര്യം പറയുന്നത്.

‘8 ബില്യണ്‍ ലൈവ്‌സ്, ഇന്‍ഫിനിറ്റ് പോസിബിലിറ്റിസ്: ദി കേസ് ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ചോയ്സസ്’ എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 1,425.7 ദശലക്ഷം അല്ലെങ്കില്‍ 142.57 കോടി ജനസംഖ്യയുള്ള ചൈന ഇന്ത്യയ്ക്ക് തൊട്ടുപിന്നിലാണെന്ന് കാണിക്കുന്നു. 2022-ല്‍ ഇത് 1,448.5 ദശലക്ഷം അല്ലെങ്കില്‍ 144.85 കോടിയായി കണക്കാക്കപ്പെട്ടിരുന്നു.

റിപ്പോര്‍ട്ടിന്റെ 2022 പതിപ്പ് അനുസരിച്ച്, ഇന്ത്യയുടെ ജനസംഖ്യ 1406.6 ദശലക്ഷമാണ്- ജനസംഖ്യയുടെ 68 ശതമാനം 15-64 പ്രായത്തിലുള്ളവരാണ്. ഇന്ത്യയുടെ മൊത്തം ഫെര്‍ട്ടിലിറ്റി നിരക്ക് 2.0 ആയി കണക്കാക്കുന്നു. ഇന്ത്യയിലെ ഒരു പുരുഷന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 71 ഉം സ്ത്രീകളുടേത് 74 ഉം ആണെന്ന് 1978 മുതല്‍ വര്‍ഷം തോറും പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ട് പറയുന്നു.

‘ലോകം 800 കോടി ജനസംഖ്യയിലേക്കെത്തുമ്പോള്‍ യുഎന്‍എഫ്പിഎയില്‍ ഞങ്ങള്‍ ഇന്ത്യയിലെ 1.4 ബില്യണ്‍ ആളുകളെ 1.4 ബില്യണ്‍ അവസരങ്ങളായി കാണുന്നുവെന്ന് യുഎന്‍എഫ്പിഎ ഇന്ത്യയുടെ പ്രതിനിധിയും ഭൂട്ടാന്‍ ഡയറക്ടറുമായ ആന്‍ഡ്രിയ വോജ്‌നാര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

‘ഇന്ത്യയുടേത് വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ശുചിത്വം, സാമ്പത്തിക വികസനം, സാങ്കേതിക പുരോഗതി എന്നിവയിലെ പുരോഗതിയുടെ കഥയാണിത്. ഏറ്റവും വലിയ യുവജന കൂട്ടായ്മയുള്ള രാജ്യമെന്ന നിലയില്‍-അതിന്റെ 254 ദശലക്ഷം യുവാക്കള്‍ക്ക് (15-24 വയസ്സ്) നവീകരണത്തിന്റെയും പുതിയ ചിന്തയുടെയും ശാശ്വതമായ പരിഹാരങ്ങളുടെയും ഉറവിടമാകാം. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും, പ്രത്യേകിച്ച്, തുല്യ വിദ്യാഭ്യാസ, നൈപുണ്യ വികസന അവസരങ്ങള്‍, സാങ്കേതികവിദ്യയിലേക്കും ഡിജിറ്റല്‍ കണ്ടുപിടുത്തങ്ങളിലേക്കും പ്രവേശനം, ഏറ്റവും പ്രധാനമായി അവരുടെ പ്രത്യുത്പാദന അവകാശങ്ങളും തിരഞ്ഞെടുപ്പുകളും പൂര്‍ണ്ണമായി വിനിയോഗിക്കാനുള്ള വിവരവും ശക്തിയും ഉണ്ടെങ്കില്‍ ഈ നേട്ടത്തില്‍ മുന്നോട്ട് കുതിക്കാന്‍ കഴിയും,” അവര്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India population up un sowp report life expectancy fertility rate