റാംനഗർ (ഉത്തരാഖണ്ഡ്): സദാചാരവാദികൾ ചമഞ്ഞെത്തിയവരുടെ ആക്രമണത്തിൽനിന്നും മുസ്‌ലിം യുവാവിനെ രക്ഷിച്ച സിഖ് പൊലീസുകാരന്‍ സോഷ്യൽ മീഡിയയുടെ ഹീറോ ആയി മാറിയിരുന്നു. ഉത്തരാഖണ്ഡിലെ റാംനഗറിൽ ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്നും യുവാവിനെ പൊലീസുകാരൻ രക്ഷിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴിയാണ് പുറത്തുവന്നത്. ഹിന്ദുമതത്തിൽപ്പെട്ട പെൺകുട്ടിക്കൊപ്പം യുവാവ് എത്തിയതാണ് ആക്രമണത്തിലേക്ക് നയിച്ചത്. ലൗ ജിഹാദ് ആണെന്ന് ആരോപിച്ചായിരുന്നു തീവ്ര ഹിന്ദുത്വ അക്രമികള്‍ യുവാവിനെ മര്‍ദ്ദിച്ചത്.

ഗിരിരാജ വില്ലേജിലെ ക്ഷേത്രത്തിൽ വച്ചാണ് മുസ്‌ലിം യുവാവും ഹിന്ദു പെൺകുട്ടിയും കണ്ടുമുട്ടിയത്. ഇരുവരും പരസ്‌പരം സംസാരിക്കുന്നതു കണ്ട ഹിന്ദുത്വവാദികളായ ഒരു കൂട്ടം പേർ സമീപത്തേക്ക് ചെന്ന് ചോദ്യം ചെയ്യാൻ തുടങ്ങി. ഈ വിവരം അറിഞ്ഞാണ് സബ് ഇൻസ്‌പെക്ടർ ഗഗൻദീപ് സിങ് എത്തിയത്. അദ്ദേഹം ഇടപെട്ട് യുവാവിനെ അവിടെനിന്നും കൊണ്ടുപോകാൻ ശ്രമിച്ചങ്കിലും ജനക്കൂട്ടം അനുവദിച്ചില്ല.

Read More: ഇവനാണ് ഹീറോ; സദാചാര ഗുണ്ടകളിൽനിന്നും മുസ്‌ലിം യുവാവിനെ രക്ഷിച്ച സിഖ് പൊലീസുകാരൻ

യുവാവിനെ തങ്ങൾക്ക് വിട്ടുനൽകണമെന്ന് അവർ ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ ഗേറ്റ് പൂട്ടുകയും ചെയ്തു. എന്നാൽ ഗഗൻദീപ സിങ് അതിന് തയ്യാറായില്ല. ഇതിനിടയിൽ യുവാവിനെ ജനക്കൂട്ടം മർദിക്കാൻ തുടങ്ങി. യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഗഗൻദീപിനും മർദനമേറ്റു. എങ്കിലും അദ്ദേഹം യുവാവിനെ വിട്ടുകൊടുക്കാതെ തന്നോട് ചേർത്തുനിർത്തി.

ഇതിൽ കുപിതരായ ജനം ഒടുവിൽ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി. ജനക്കൂട്ടത്തിൽനിന്നും യുവാവിനെ രക്ഷിച്ച ഗഗൻദീപ് പിന്നീട് മാതാപിതാക്കൾക്കൊപ്പം യുവാവിനെ വിട്ടയച്ചു. ട്വിറ്ററിൽ ഗഗൻദീപിനെ പ്രകീർത്തിച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തത്. സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജും ഗഗൻദീപ് സിങ്ങിനെ അഭിനന്ദിച്ചു രംഗത്തെത്തി. എന്നാല്‍ ഹീറോയായി മാറിയ അദ്ദേഹത്തിന് ഇപ്പോള്‍ വധഭീഷണി ലഭിച്ചുകൊണ്ടിരിക്കുന്നതായി പൊലീസുകാര്‍ വ്യക്തമാക്കി.

ഇതിനെ തുടര്‍ന്ന് അദ്ദേഹം ഇപ്പോള്‍ അവധിയിലാണ്. ദിവസവും നിരവധി കോളുകള്‍ വരുന്നത് കൊണ്ട് താന്‍ ഫോണ്‍ ഓഫ് ചെയ്ത് വച്ചിരിക്കുകയാണെന്ന് ഗഗന്‍ദീപ് പറഞ്ഞു. ഗഗന്‍ദീപിനെ വിമര്‍ശിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയും തീവ്രഹിന്ദുത്വ അക്രമികള്‍ക്ക് വടിയായി. ‘ഇത്തരം ആളുകള്‍ (മുസ്‌ലിങ്ങള്‍) ക്ഷേത്രങ്ങളില്‍ വരുന്നത് തെറ്റായ കാര്യമാണ്. അത് ഞങ്ങളുടെ ആരാധനാകേന്ദ്രമാണ്’ എന്നായിരുന്നു ബിജെപി എംഎല്‍എ രാകേഷ് നൈന്‍വാള്‍ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook