ന്യൂഡല്‍ഹി: ഇന്ത്യ ഇസ്രായേയില്‍നിന്ന് പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ ആക്രമണം പുനരുജ്ജീവിപ്പിച്ച് കോണ്‍ഗ്രസ്. സര്‍ക്കാര്‍ പാര്‍ലമെന്റിനെ വഞ്ചിച്ചുവെന്നു പറഞ്ഞ പാര്‍ട്ടി, തിങ്കളാഴ്ച ആരംഭിക്കുന്ന സഭാ സമ്മേളനത്തില്‍ വിഷയം ഉന്നയിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.
മിസൈല്‍ സംവിധാനം ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ക്കായുള്ള 200 കോടി ഡോളറിന്റെ പാക്കേജിന്റെ ഭാഗമായി ഇന്ത്യ 2017ല്‍ പെഗാസസ് സ്‌പൈവേര്‍ വാങ്ങിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ വിഷയം കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നുവെന്നും വീണ്ടും ഉന്നയിക്കുമെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെഗാസസ് വിഷയം കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തെ പിടിച്ചുലച്ചിരുന്നു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇരുസഭകളും തടസപ്പെടുത്തിയിരുന്നു.
”നമ്മുടെ പ്രാഥമിക ജനാധിപത്യ സ്ഥാപനങ്ങളെയും രാഷ്ട്രീയനേതാക്കളെയും പൊതുജനങ്ങളെയും നിരീക്ഷിക്കാനാണ് മോദി സര്‍ക്കാര്‍ പെഗാസസ് വാങ്ങിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രതിപക്ഷ നേതാക്കള്‍, സായുധ സേന, ജുഡീഷ്യറി എന്നിവരെല്ലാം ഈ ഫോണ്‍ ചോര്‍ത്തലിലൂടെ ലക്ഷ്യമിടുന്നു. ഇത് രാജ്യദ്രോഹമാണ്. മോദി സര്‍ക്കാര്‍ രാജ്യദ്രോഹം ചെയ്തു,” രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
”മോദി സര്‍ക്കാര്‍ പാര്‍ലമെന്റിനെ കബളിപ്പിച്ചു. സുപ്രീം കോടതിയെയുംകബളിപ്പിച്ചുവെന്ന് വ്യക്തമാണ്. മോദി സര്‍ക്കാരും മന്ത്രിമാരും ഇന്ത്യയിലെ ജനങ്ങളോട് കള്ളം പറയുകയായിരുന്നു,” ഖാര്‍ഗെ പറഞ്ഞു.
Also Read: ഇന്ത്യ ഇസ്രായേലിൽനിന്ന് പെഗാസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയതായി ന്യൂയോര്‍ക്ക് ടൈംസ്
മോദി സര്‍ക്കാര്‍ പാര്‍ലമെന്റിനെയും സുപ്രീം കോടതിയെയും കബളിപ്പിച്ചെന്ന് മല്ലകാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
”പ്രധാനമന്ത്രിയുടെ പങ്കും അദ്ദേഹത്തിന്റെ ഉത്തരവാദിത്തവും നേരിട്ട് ചോദ്യം ചെയ്യപ്പെടുന്നു. പ്രധാനമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തം ഞങ്ങള്‍ പാര്‍ലമെന്റില്‍ ചോദ്യം ചെയ്യും. പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെയും ഉത്തരവാദിത്തം ഞങ്ങള്‍ ജനങ്ങളുടെ കോടതിയില്‍ ചോദ്യം ചെയ്യും. ബോധപൂര്‍വം കബളിപ്പിച്ചതിന് സര്‍ക്കാരിനെതിരെ സ്വമേധയാ കുറിപ്പ് വിശദീകരണം തേടാനും ഉചിതമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളാനും സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിക്കുന്നു,” സുര്‍ജേവാല പറഞ്ഞു.
പെഗാസസ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ സത്യവാങ്മൂലത്തില്‍ അസന്ദിഗ്ധമായി നിഷേധിച്ച മോദി സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചു. സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തന്ത്രം ആവിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് എംപിമാരുമായും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായും ഖാര്‍ഗെ ആലോചിക്കുമെന്നും സുര്‍ജേവാല പറഞ്ഞു.
”ഇസ്രായേല്‍ നിരീക്ഷണ സ്‌പൈവെയര്‍ പെഗാസസ് മുഖേനയുള്ള നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിരീക്ഷണവും ചാരപ്പണിയും നടപ്പാക്കുന്നതും മോദി സര്‍ക്കാരാണെന്നും പ്രധാനമന്ത്രി മോദി തന്നെ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വ്യക്തമാണ്. ഇത് ജനാധിപത്യത്തിനുമേലുള്ള നിര്‍ലജ്ജമായ കടന്നുകയറ്റവും രാജ്യദ്രോഹ നടപടിയുമാണ്,” സുര്‍ജേവാല പറഞ്ഞു.