Latest News

‘കാര്‍ഗിലില്‍ അച്ഛനെ നഷ്ടപ്പെട്ടത് ആയിരുന്നില്ല യുദ്ധം, അതിന് ശേഷമാണ് യുദ്ധം ആരംഭിച്ചത്’

ദിക്ഷയുടെ പിതാവ് മേജര്‍ സി.ബി ദ്വിവേദിയാണ് വീരമൃത്യു വരിച്ചത്

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ബന്ധം എക്കാലത്തേയും മോശം അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. പുല്‍വാമയില്‍ 40ല്‍ അധികം ജവാന്മാര്‍ കൊല്ലപ്പെട്ടതോടെ പാക്കിസ്ഥാനെതിരെ യുദ്ധം നടത്തണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഈ ശബ്ദങ്ങള്‍ക്കിടയിലാണ് കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ മകള്‍ യുദ്ധത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

യുദ്ധമല്ല, സമാധാനമാണ് വേണ്ടതെന്ന് കാര്‍ഗില്‍ രക്തസാക്ഷി മേജര്‍ സി.ബി ദ്വിവേദിയുടെ മകള്‍ ദിക്ഷ ദ്വിവേദി പറയുന്നു. ക്വിന്റ് ആണ് ദിക്ഷയുടെ വാക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘എത്ര തവണ ഞാന്‍ ഇത് പറഞ്ഞാലും മതിയാവില്ല. ഒരു സൈനികന്‍ യുദ്ധഭൂമിയില്‍ പോരാടുമ്പോള്‍ അവരുടെ കുടുംബത്തിന്റെ മാനസികാവസ്ഥ എന്നെ പോലുളളവര്‍ക്ക് മനസ്സിലാകും. ഞങ്ങളെ സംബന്ധിച്ച് എന്റെ അച്ഛനെ നഷ്ടപ്പെട്ടതായിരുന്നില്ല യുദ്ധം. അദ്ദേഹം പോയതിന് ശേഷമുളള ഞങ്ങളുടെ ജീവിതമായിരുന്നു യഥാര്‍ത്ഥ യുദ്ധം, യഥാര്‍ത്ഥ പോരാട്ടം. അത്തരത്തിലുളള പലതും ഇന്ന് സംഭവിക്കുമ്പോള്‍ എനിക്കും എന്റെ കുടുംബത്തിനും മനസ്സിലാകും, അപ്പോഴൊക്കെ ഞങ്ങള്‍ പൊട്ടിക്കരയും. കാരണം, 1999ല്‍ ഞങ്ങള്‍ അനുഭവിച്ചത് പോലെ മറ്റൊരു കുടുംബം കൂടി അനുഭവിക്കാന്‍ പോവുകയാണെന്ന് ഞങ്ങള്‍ക്ക് അറിയാം,’ ദിക്ഷ പറഞ്ഞു.

ദിക്ഷയുടെ പിതാവ് മേജര്‍ സി.ബി ദ്വിവേദി 1981ല്‍ 20ാം വയസിലാണ് പട്ടാളത്തില്‍ ചേര്‍ന്നത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഡ്രാസ്സില്‍ അദ്ദേഹത്തേയും സംഘത്തേയും നിയോഗിച്ചിരുന്നു. ഇവിടെ വെച്ചാണ് അദ്ദേഹം വീരമൃത്യു വരിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India pakistan war kargil war daughter peace

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express