ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണം സംബന്ധിച്ച വിചാരണ വേഗത്തിലാക്കാന്‍ പാക്കിസ്ഥാനോട് ഇന്ത്യ. ‘ഇരകളുടെയും രക്തസാക്ഷികളുടെയും’ കുടുംബങ്ങള്‍ക്കു നീതി ലഭ്യമാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിലെ പാകിസ്ഥാന്‍ ഹൈക്കമ്മിഷനിലെ മുതിര്‍ന്ന നയതന്ത്രജ്ഞനെ വിളിച്ചുവരുത്തിയാണു വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്. ആക്രമണത്തിന്റെ പതിമൂന്നാം വാര്‍ഷിക വേളയിലാണു വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍.
”മുംബൈ ആക്രമണം നടന്ന് 13 വര്‍ഷത്തിനു ശേഷവും 166 ഇരകളുടെ കുടുംബങ്ങള്‍ തീര്‍പ്പിനായി കാത്തിരിക്കുന്നുവെന്നത് വളരെ വേദനാജനകമാണ്,” മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയ്ക്കെതിരായ തീവ്രവാദത്തിനു തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ അനുവദിക്കില്ലെന്ന പ്രതിബദ്ധത പാലിക്കാന്‍ നയതന്ത്രജ്ഞന് കൈമാറിയ കുറിപ്പില്‍ വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.
കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ പാകിസ്ഥാന്‍ ‘വളരെ കുറഞ്ഞ ആത്മാര്‍ത്ഥത’ മാത്രമേ കാണിക്കുന്നുള്ളൂവെന്നു മന്ത്രാലയം കുറ്റപ്പെടുത്തി.
Also Read: രാജ്യത്ത് 10,549 പേര്‍ക്ക് കോവിഡ്; 488 മരണം
ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും പാകിസ്ഥാന്റെ മണ്ണില്‍നിന്നാണ്. ഇരട്ടനിലപാടുകള്‍ ഉപേക്ഷിക്കാനും ഭീകരാക്രമണ കുറ്റവാളികളെ വേഗത്തില്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പാകിസ്ഥാന്‍ സര്‍ക്കാരിനോട് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു. ഇത് തീവ്രവാദികള്‍ക്കിരയായ നിരപരാധികളുടെ കുടുംബങ്ങളോടുള്ള പാകിസ്ഥാന്റെ ഉത്തരവാദിത്തം മാത്രമല്ല, അന്താരാഷ്ട്ര ബാധ്യതയുമാണ്,” മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
2008 നവംബര്‍ 26-നു മുംബൈയിലേക്ക് ഇരച്ചുകയറിയ ലഷ്‌കറെ ത്വയിബ ഭീകരന്‍ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, താജ്മഹല്‍ പാലസ് ഹോട്ടല്‍, ഹോട്ടല്‍ ട്രൈഡന്റ്, നരിമാന്‍ ഹൗസ്, ലിയോപോള്‍ഡ് കഫേ എന്നിവയുള്‍പ്പെടെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു. മൂന്നുദിവസം നീണ്ട ആക്രമണത്തില്‍ 166 പേരാണു കൊല്ലപ്പെട്ടത്.
ഇന്ത്യ ഉള്‍പ്പെടെ 15 രാജ്യങ്ങളിലെ പൗരന്മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പങ്കെടുത്ത പത്ത് ഭീകരരില്‍ ഒമ്പതു പേരെ സുരക്ഷാസേന ഓപ്പറേഷനില്‍ വധിച്ചു. അജ്മല്‍ കസബിനെ ജീവനോടെ അറസ്റ്റ് ചെയ്യുകയും പിന്നീട് തൂക്കിലേറ്റുകയും ചെയ്തു.