/indian-express-malayalam/media/media_files/2025/12/31/chinese-foreign-minister-wang-yi-2025-12-31-09-58-13.jpg)
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി (ചിത്രം: എക്സ്)
ബീജിംഗ്: ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ ചൈന മധ്യസ്ഥത വഹിച്ചെന്ന അവകാശവാദവുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ബീജിംഗിൽ രാജ്യാന്തര സാഹചര്യങ്ങളെക്കുറിച്ചും ചൈനയുടെ വിദേശ ബന്ധങ്ങളെ കുറിച്ചും നടന്ന സിമ്പോസിയത്തിൽ സംസാരിക്കവേയാണ് വിദേശകാര്യ മന്ത്രിയുടെ വാദം.
ഇന്ത്യ-പാക് സംഘർഷങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രശ്നങ്ങളിൽ ചൈന ക്രിയാത്മകമായി ഇടപെട്ടുവെന്നാണ് വാങ് യി അവകാശപ്പെട്ടത്. മ്യാൻമർ, ഇറാൻ ആണവ കരാർ, പലസ്തീൻ-ഇസ്രയേൽ, കംബോഡിയ-തായ്‌ലൻഡ് അതിർത്തി തർക്കം തുടങ്ങിയ വിഷയങ്ങളിലും ചൈന മധ്യസ്ഥത വഹിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: 200 കിലോ കഞ്ചാവ് എലി തിന്നെന്ന് പൊലീസ്; മയക്കുമരുന്ന് കേസിലെ പ്രതിയെ വെറുതെ വിട്ട് കോടതി
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയങ്ങളിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്ന ഇന്ത്യയുടെ നിലപാടിന് വിരുദ്ധമാണ് ചൈനയുടെ പ്രസ്താവന. ഈ വർഷം മെയ് മാസത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ അതിർത്തി സംഘർഷം ഇരു രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ നേരിട്ട് നടത്തിയ ചർച്ചകളിലൂടെയാണ് പരിഹരിച്ചതെന്നാണ് ഇന്ത്യ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളതാണ്. മെയ് 10-ന് നടന്ന ഫോൺ സംഭാഷണത്തിലൂടെയാണ് വെടിനിർത്തൽ ധാരണയിലെത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Also Read: ഉത്തർപ്രദേശിൽ എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് മൂന്നാം തവണയും നീട്ടി
അതേസമയം, ഇന്ത്യ-ചൈന ബന്ധത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്നും വാങ് യി സൂചിപ്പിച്ചു. ഓഗസ്റ്റിൽ നടന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന് വൻതോതിൽ ആയുധങ്ങൾ നൽകുന്ന ചൈനയുടെ നടപടിയെ നേരത്തെ വിമർശിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. സംഘർഷ സമയത്ത് പാക്കിസ്ഥാന് ചൈന നൽകിയ സൈനിക സഹായം ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മധ്യസ്ഥത അവകാശപ്പെട്ടുകൊണ്ടുള്ള ചൈനയുടെ പുതിയ നീക്കം ശ്രദ്ധേയമാകുന്നത്.
Read More: വിഘടനവാദികൾക്ക് ആയുധമെത്തിച്ചു: യെമനിൽ ബോംബാക്രമണം നടത്തി സൗദി അറേബ്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us