ന്യൂഡൽഹി: നവാസ് ഷെരീഫിനെ അയോഗ്യനാക്കി പാക് സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ പാക്കിസ്ഥാനിലെ ഭരണത്തിൽ സൈന്യം പിടിമുറുക്കിയേക്കുമെന്ന് ആശങ്ക ഉയർന്നു. ഇതേ തുടർന്ന് അതീവ ജാഗ്രതയോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ യുദ്ധം ഒഴിവാക്കാൻ പാക്കിസ്ഥാനിൽ ജനാധിപത്യ സർർക്കാർ തുടരുന്നതാണ് നല്ലതെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നത്.

പനാമ പേപ്പറിൽ നവാസ് ഷെരീഫും കുടുംബവും കുറ്റാരോപിതരായപ്പോൾ മുതൽ സൈന്യം ഉദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ നീക്കം നടത്തിയിരുന്നു. സൈന്യം രൂക്ഷമായ നിലയിൽ സമ്മർദ്ദം ചെലുത്തിയതായി വാർത്തകൾ പുറത്തുവന്നു. എന്നാൽ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ യോഗത്തിൽ പാക് കോടതി വിധി വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനിച്ചത്.

നവാസ് ഷെരീഫിന് പകരം സഹോദരനായ ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയാകുമെന്ന് സൂചന. പാക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

നിലവിൽ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായ ഷഹബാസ് ഷെരീഫിന് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കണമെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടിവരും. ഷഹബാസ് തിരഞ്ഞെടുപ്പിലൂടെ വിജയിച്ച് അധികാരത്തിൽ എത്തുന്നതുവരെ പ്രതിരോധമന്ത്രിയായ ഖ്വാജ അസീസിനെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേൽപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.

പാനമ അഴിമതിക്കേസിൽ നവാസ് ഷെരീഫിനെ സുപ്രീംകോടതി അയോഗ്യനാക്കിയതോടെയാണ് അദ്ദേഹം രാജിക്ക് നിര്‍ബന്ധിതനായത്. അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്. ഷെരീഫ് കുടുംബം അനധികൃതസ്വത്ത് സമ്പാദിച്ചെന്ന റിപ്പോര്‍ട്ട് സുപ്രീംകോടതി ശരിവച്ചു.

ഏപ്രില്‍ 20-ാം തീയതിവന്ന ആദ്യ വിധിന്യായത്തില്‍, രണ്ടു ജഡ്ജിമാര്‍ പ്രധാനമന്ത്രിയായ നവാസ് ഷെരീഫിനെ അയോഗ്യനായി പ്രഖ്യാപിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മറ്റ് മൂന്നുജഡ്ജിമാര്‍ സംയുക്ത അന്വേഷണസംഘം (ജെഐടി) രൂപവത്കരിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു. ജെഐടിയുടെ അന്വേഷണ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഷെരീഫിനെ അയോഗ്യനാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തു വിവരങ്ങൾ പാനമ രേഖകളിലൂടെ പുറത്തുവന്നിരുന്നു. തുടർന്ന് തെഹ്‍രികെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷന്‍ ഇമ്രാന്‍ ഖാൻ കോടതിയിൽ ഈ കേസ് എത്തിച്ചു. നവാസ് ഷെരീഫിനെയും മൂന്നു മക്കൾ ഉൾപ്പെടെ എട്ടു കുടുംബാംഗങ്ങളെയും കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. എന്നാൽ കള്ളപ്പണ ഇടപാട് നടത്തിയില്ലെന്നും തനിക്കെതിരെയുളളത് വെറും ആരോപണങ്ങളും അനുമാനങ്ങളുമാണെന്നായിരുന്നു ഷെരീഫിന്റെ നിലപാട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ