ന്യൂഡെല്‍ഹി: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഭീകരനാണെന്ന് തെളിയിക്കേണ്ട ബാധ്യത ഇന്ത്യയ്ക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയില്‍ മസൂദിനെ ഐക്യരാഷ്ട്രസഭ വിലക്കണമെന്ന് പറയുന്ന ഇന്ത്യ തെളിവ് ഹാജരാക്കണമെന്ന ചൈനയുടെ പ്രസ്താവനയ്ക്കെതിരെയാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറിന്റെ മറുപടി.

അയാളുടെ പ്രവൃത്തികള്‍ ഇന്ത്യയ്ക്ക് സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനി അത് തെളിയിക്കുക കൂടി ചെയ്യേണ്ട ബാധ്യത കൂടി അതിന്റെ ഭാഗമല്ല. ചൈനീസ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യയുടെ ആശങ്കയും മുന്‍ഗണനകളും വ്യക്തമാക്കാന്‍ കഴിഞ്ഞതില്‍ തൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ

മൗലാനാ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കാൻ ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ മാത്രമല്ല ആഗ്രഹിക്കുന്നതെന്നും ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങളും ശ്രമം നടത്തുന്നുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു. മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ ചൈന തടഞ്ഞിരുന്നു.

മസൂദ് അസ്ഹറിനെതിരേ ആഗോളതലത്തിൽ അംഗീകരിക്കാൻ കഴിയുന്ന തെളിവുകളുടെ അഭാവമാണ് തങ്ങൾ ചൂണ്ടിക്കാട്ടുന്നതെന്നും ഈ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയിലെ വിവിധ കമ്മിറ്റികളിൽ ചർച്ച നടക്കേണ്ടതുണ്ടെന്നും ചൈന വ്യക്‌തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ഉത്തരവാദിത്വപൂർണവും പ്രഫഷണലുമായ സമീപനമാണ് തങ്ങൾക്കുള്ളതെന്നും ചൈനയുടെ വിദേശകാര്യ വക്‌താവ് ഗെംഗ് ഷുവാംഗ് വ്യക്‌തമാക്കി.

ലോകരാജ്യങ്ങൾ ഇന്ത്യയുടെ ആവശ്യത്തെ പിന്തുണയ്ക്കുമ്പോൾ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിയ്ക്കാനുള്ള പ്രമേയത്തെ എതിർക്കുന്ന ചൈനയുടെ ശരിയും തെറ്റും ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് നേരത്തേ വിദേശകാര്യ സഹമന്ത്രിമാരായ വി.കെ. സിംഗും എം.ജെ. അക്ബറും വ്യക്‌തമാക്കിയിരുന്നു.

ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യക്ക് കൂടുതൽ സ്വാധീനം ലഭിക്കുന്നത് ചൈനയെ ഭയപ്പെടുത്തുന്നുണ്ടെന്നും ഇന്ത്യയുടെ വാദം അംഗീകരിച്ച് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചാൽ അത് ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയുടെ സ്വാധീനം കൂട്ടുമെന്നും ചൈന ഭയക്കുന്നു. ഇതാണ് ഇന്ത്യയുടെ നീക്കത്തിന് ചൈന വിലങ്ങുതടിയാവുന്നതെന്നാണ് മറ്റൊരു വിഭാഗം ഉദ്യോഗസ്‌ഥരുടെ വിലയിരുത്തൽ. 15 അംഗ സുരക്ഷാ കൗൺസിലിൽ ചൈന മാത്രമാണ് ഇന്ത്യയുടെ വാദത്തെ എതിർക്കുന്നത്.

പഞ്ചാബിലെ പത്താൻകോട്ട് ഭീകരാക്രമണം, പാർലമെന്റ് ആക്രമണം, ഉറി ഭീകരാക്രമണം, നഗ്രോത ഭീകരാക്രമണം എന്നിങ്ങനെ ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങളിൽ കുറ്റാരോപിതനാണ് മസൂദ് അസ്ഹർ. കഴിഞ്ഞ ഏപ്രിലിലും സെപ്റ്റംബറിലും മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം ഇന്ത്യ നടത്തിയെങ്കിലും ചൈനയുടെ പ്രതിരോധത്തിൽ തകരുകയായിരുന്നു.

പാക്കിസ്‌ഥാനിൽനിന്നുള്ള ഭീകരരായ ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയീദ് സലാഹുദ്ദീൻ, ലഷ്കർ ഇ തോയ്ബ പ്രവർത്തകർ അബ്ദുൾ റഹ്മാൻ മക്കി, അസം ചീമ, സാക്കിയുർ റഹ്മാൻ ലഖ്വി എന്നിവർക്ക് വിലക്ക് ഏർപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരേയും ചൈന രംഗത്തെത്തിയിരുന്നു. യാത്രാവിലക്ക് ഏർപ്പെടുത്തുന്നതിനൊപ്പം സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടിയുമാണ് ആഗോള ഭീകര രുടെ പട്ടികയിൽപ്പെടുത്തുന്ന ഭീകരർക്കെതിരേ സ്വീകരിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ