ന്യൂഡല്‍ഹി: താലിബാനുമായി ഇന്ത്യ ഔദ്യോഗികമായി ചര്‍ച്ച നടത്തി. താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്തശേഷം നടക്കുന്ന ആദ്യ ഔദ്യോഗിക ചര്‍ച്ചയാണിത്. ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ ഇന്ത്യന്‍ എംബസിലായിരുന്നു ചര്‍ച്ച.
ഖത്തറിലെ ഇന്ത്യന്‍ പ്രതിനിധി ദീപക് മിത്തലും താലിബാന്‍ നേതാവ് െേഷര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനക്‌സായിയുമാണ് കൂടിക്കാഴ്ച നടത്തിയത്.
”ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ ഇന്ന് ദോഹയിലെ താലിബാന്‍ രാഷ്ട്രീയ ഓഫീസ് മേധാവി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനക്സായിയെ കണ്ടു. താലിബാന്റെ ഭാഗത്തുനിന്നുള്ള അഭ്യര്‍ഥനയെത്തുടര്‍ന്ന് ദോഹയിലെ ഇന്ത്യന്‍ എംബസിയിലായിരുന്നു കൂടിക്കാഴ്ച,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ, നേരത്തേയുള്ള തിരിച്ചെത്തല്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചയെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലേക്കു വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാരുടെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ യാത്രയും ചര്‍ച്ചയില്‍ വിഷയമായതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാന്റെ മണ്ണ് ഇന്ത്യന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരവാദത്തിനും ഒരു തരത്തിലും ഉപയോഗിക്കപ്പെടരുതെന്ന് ഇന്ത്യയുടെ ആവശ്യം അംബാസഡര്‍ മിത്തല്‍ ഉന്നയിച്ചു. ഈ പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കുമെന്ന് താലിബാന്‍ പ്രതിനിധി ഉറപ്പുനല്‍കിയതായി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ പുതിയ സാഹചര്യത്തിലേക്കു കടന്ന സമയത്താണ് ഇന്ത്യ-താലിബാന്‍ ചര്‍ച്ച നടന്നത്. ഇന്ത്യയുടെ അടിയന്തര മുന്‍ഗണനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ഉന്നതതല സംഘത്തിന് അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു.
ഈ സംഘം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പതിവായി യോഗം ചേരുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവ്, അഫ്ഗാന്‍ പൗരന്മാരുടെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ ഇന്ത്യയിലേക്കുള്ള യാത്ര, അഫ്ഗാനിസ്ഥാന്‍ ഭൂമി ഇന്ത്യയ്ക്കെതിരായ തീവ്രവാദത്തിന് ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണു സംഘം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പാസാക്കിയ പ്രമേയം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര പ്രതികരണങ്ങളും സംഘം നിരീക്ഷിച്ചുവരികയാണ്.
Also Read: കാബൂൾ വിമാനത്താവളത്തിൽ വിജയം ആഘോഷിച്ച് താലിബാൻ; സുരക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപനം