ശ്രീനഗർ: ജമ്മു കശ്മീരിലെ കേരാൻ സെക്ടറിൽ ഇന്ത്യൻ സൈന്യം വധിച്ച നാലു നുഴഞ്ഞു കയറ്റക്കാരുടെ മൃതദേഹം തിരികെ കൊണ്ടുപോകാൻ പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. വെളള കൊടിയുമായി വന്ന് അന്തിമോപചാര ചടങ്ങുകൾക്കായി മൃതദേഹങ്ങൾ കൊണ്ടുപോകാനുളള വാഗ്‌ദാനമാണ് പാക്കിസ്ഥാന് ഇന്ത്യ നൽകിയത്. അതേസമയം, ഇന്ത്യയുടെ വാഗ്‌ദാനത്തോട് ഇസ്‌ലാമാബാദ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നാലു എസ്എസ്ജി കമാൻഡോസ് അല്ലെങ്കിൽ ഭീകരരോ ആവാം കേരാൻ സെക്ടറിലെ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ചതെന്ന് ഇന്ത്യൻ സൈന്യം ഇന്നലെ പറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും ദിവസത്തിനിടയിൽ നിയന്ത്രണരേഖയിലെ ഇന്ത്യൻ സൈന്യത്തിന്റെ പോസ്റ്റുകളിലൂടെ അഞ്ചു തവണയാണ് പാക് സൈനികരും ഭീകരരും ഉൾപ്പെട്ട പാക്കിസ്ഥാൻ ബോർഡർ ആക്‌ഷൻ ടീം (ബിഎടി-ബാറ്റ്) നുഴഞ്ഞു കയറ്റശ്രമം നടത്തിയതെന്ന് ഉന്നത സൈനിക വൃത്തങ്ങൾ ദി സൺഡേ എക്സ്പ്രസിനോട് പറഞ്ഞു. പാക്കിസ്ഥാൻ സൈന്യത്തിലെ ഉന്നത പരിശീലനം ലഭിച്ച എസ്എസ്ജി (സ്പെഷ്യൽ സർവീസസ് ഗ്രൂപ്പ്) കമാൻഡോസും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നതായി സംശയിക്കുന്നതായി വൃത്തങ്ങൾ വ്യക്തമാക്കി.

pakistan, terrorist, ie malayalam

ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ

അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ പാക് സൈന്യം വെടിയുതിർത്തതായും ഇന്ത്യ തിരിച്ചടിച്ചതായും വൃത്തങ്ങളിൽനിന്നുളള വിവരമുണ്ട്. ബോഫോഴ്സ് 155 എംഎം പീരങ്കികൾ ഉപയോഗിച്ചായിരുന്നു ഇന്ത്യൻ ആക്രമണം. വളരെ കാലത്തിനുശേഷമാണ് പിർ പഞ്ചൽ അതിർത്തിയുടെ വടക്ക് ബോഫോഴ്സ് 155 എംഎം പീരങ്കികൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യം ആക്രമണം നടത്തുന്നത്. പൊതുവേ തെക്ക് ഭാഗത്താണ് ഇവ ഉപയോഗിക്കാറുളളത്. നിയന്ത്രണരേഖയിൽ വളരെ അപൂർവമായേ ബോഫേഴ്സ് പീരങ്കികൾ ഉപയോഗിക്കാറുളളൂ.

ഇന്ത്യയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുളള ആക്രമണം പാക്കിസ്ഥാൻ സൈന്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിനാൽ തന്നെ വലിയ നാശനഷ്ടങ്ങൾ അവർക്ക് ഉണ്ടായിട്ടുളളതായും വൃത്തങ്ങൾ പറയുന്നു.

അതിനിടെ, ജമ്മു കശ്മീരിൽ കേന്ദ്രസർക്കാർ സുരക്ഷ ശക്തമാക്കുകയും സംസ്ഥാനത്തുനിന്നും അമർനാഥ് തീർഥാടകരോട് എത്രയും പെട്ടെന്ന് മടങ്ങി പോകാനും നിർദേശിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കേന്ദ്ര നിർദേശത്തിനുപിന്നാലെ യുകെ, ഓസ്ട്രേലിയ, കാനഡ, സിംഗപ്പൂർ അടക്കമുളള ആറു രാജ്യങ്ങൾ ഇന്ത്യയിലേക്ക് വരുന്ന തങ്ങളുടെ ജനങ്ങൾക്ക് ചില യാത്രാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഫെബ്രുവരിയിൽ ബാലാകോട്ട് ഭീകരാക്രമണത്തിനുശേഷം ജമ്മു കശ്മീരിലേക്ക് വരുന്ന വിനോദ സഞ്ചാരികൾക്ക് വിദേശ രാജ്യങ്ങൾ മാർഗ നിർദേശങ്ങൾ നൽകുന്നത് ഇതാദ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook