ന്യൂഡൽഹി: വംശീയ വിശുദ്ധി പഠിക്കാനുള്ള സാംസ്കാരിക മന്ത്രാലയത്തിന്റെ പദ്ധതിയെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയ്ക്ക് തൊഴിൽ സുരക്ഷയും സാമ്പത്തിക അഭിവൃദ്ധിയുമാണ് ആവശ്യമെന്ന് രാഹുൽ പറഞ്ഞു.
“ഒരു രാജ്യത്ത് അവസാനമായി ‘വംശ ശുദ്ധി’ പഠിക്കുന്ന ഒരു സാംസ്കാരിക മന്ത്രാലയം ഉണ്ടായിരുന്നെങ്കിലും അത് നല്ല രീതിയിൽ അവസാനിച്ചില്ല. ഇന്ത്യ ആഗ്രഹിക്കുന്നത് തൊഴിൽ സുരക്ഷിതത്വവും സാമ്പത്തിക അഭിവൃദ്ധിയുമാണ്, വംശ ശുദ്ധിയല്ല, പ്രധാനമന്ത്രീ,” രാഹുൽ ട്വീറ്റ് ചെയ്തു. ‘ഇന്ത്യക്കാരുടെ വംശശുദ്ധി പഠിക്കാൻ സാംസ്കാരിക മന്ത്രാലയം’ എന്ന തലക്കെട്ടിലുള്ള ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട് ടാഗ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്.
ജനിതക ചരിത്രം സ്ഥാപിക്കുന്നതിനും “ഇന്ത്യയിലെ വംശങ്ങളുടെ പരിശുദ്ധി കണ്ടെത്തുന്നതിനും” ഡിഎൻഎ പ്രൊഫൈലിംഗ് കിറ്റുകളും അനുബന്ധ അത്യാധുനിക മെഷീനുകളും വാങ്ങാനുള്ള ഒരുക്കത്തിലാണ് സാംസ്കാരിക മന്ത്രാലയം എന്നും വാർത്താ റിപ്പോർട്ട് പറയുന്നു.
ഇന്ത്യയുടെ കലയും സംസ്കാരവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സാംസ്കാരിക മന്ത്രാലയത്തിന്റെ ചുമതല.
തമിഴ്നാട്ടിലും കർണാടകയിലും വളർന്നുവരുന്ന ആര്യ-ദ്രാവിഡ സംവാദത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
അടുത്തിടെ, കോൺഗ്രസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, ജവഹർലാൽ നെഹ്റുവിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ, ആർഎസ്എസിന്റെ ഉത്ഭവം ഇന്ത്യയിലാണോ എന്നും അത് ആര്യൻ അല്ലെങ്കിൽ ദ്രാവിഡ സംഘടനയാണോ എന്നും ചോദിച്ചിരുന്നു.
എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാർ “ബിജെപിയുടെ ആര്യൻ ആക്രമണത്തിന്” വിരുദ്ധമായി ദ്രാവിഡ സംസ്കാരത്തിന്റെയും വികാരങ്ങളുടെയും മൂല്യങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു.